chem

കൂറുമാറ്റ ആരോപണം തുറന്നുവിട്ട് ബിജെപി; രാഷ്ട്രീയക്കെണിയില്‍ കോണ്‍ഗ്രസും ദളും

ബെംഗളൂരു∙ കർണാടകയിലെ കൂറുമാറ്റ രാഷ്ട്രീയത്തെക്കുറിച്ചു ബിജെപി തൊടുത്തുവിട്ട ആരോപണത്തീപ്പൊരി ഊതിക്കത്തിക്കുകയാണ് കോൺഗ്രസ്, ജനതാദൾ എസ് നേതാക്കൾ. ഭരണപക്ഷത്തെ സഖ്യകക്ഷികളെ പിണക്കാൻ തക്കം പാർത്തിരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയക്കെണിയിൽ അറിയാതെയെങ്കിലും ഇരു കക്ഷികളും വീണുപോകുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കർണാടകയിലെ കോൺഗ്രസ്- ദൾ സഖ്യസർക്കാർ വീഴുമെന്ന ബിജെപിയുടെ പ്രവചനം ഒരുവശത്ത്. കുമാരസ്വാമി സർക്കാരിനെ നിലനിർത്താൻ പ്രതിജ്ഞാബദ്ധമെന്ന് എഐസിസി നേതൃത്വം മറുവശത്ത്. ഇതിനിടെയാണ് കോൺഗ്രസ് കക്ഷിനേതാവും സർക്കാർ ഏകോപന സമിതി അധ്യക്ഷനുമായ സിദ്ധരാമയ്യയ്ക്കെതിരെ ചില ദൾ നേതാക്കൾ സജീവമായി രംഗത്തു വന്നിരിക്കുന്നത്. സിദ്ധരാമയ്യയുടെ മറുപടി ഒന്നേയുള്ളൂ- ‘ചില ദൾ നേതാക്കൾ തനിക്കെതിരെ മനഃപൂർവം തിരിഞ്ഞിരിക്കുകയാണ്. ഇതിനൊക്കെ മൗനം പാലിക്കുന്നത് സഖ്യകക്ഷി ധാരണകളെ മാനിക്കുന്നതു കൊണ്ടു മാത്രം.’

ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയും മുതിർന്ന നേതാവുമായ എം. മല്ലികാർജുൻ ഖർഗെയ്ക്കെതിരെ കലബുറഗി സീറ്റിൽ മൽസരിക്കാൻ ബിജെപി വലയിട്ടു പിടിച്ചത് ചിഞ്ചോളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്ന ഉമേഷ് ജാദവിനെയായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഉപതിരഞ്ഞടുപ്പിലേക്കു നീങ്ങിയ ചിഞ്ചോളി നിയമസഭാ സീറ്റിൽ ഉമേഷ് ജാദവിന്റെ കൂറുമാറ്റമാണ് കോൺഗ്രസിന്റെ മുഖ്യ പ്രചാരണ വിഷയം.

ചിഞ്ചോളിയിൽ ബിജെപിക്കായി മൽസരിക്കുന്നതാകട്ടെ ഉമേഷിന്റെ മകൻ അവിനാഷ് ജാദവും. ഉമേഷിന്റെ കൂറുമാറ്റത്തെ വിമർശിക്കുന്ന കോൺഗ്രസ് നേതാക്കൾക്കു തടയിടാൻ, സാക്ഷാൽ സിദ്ധരാമയ്യ തന്നെ ദളിൽ നിന്നു കൂറുമാറിയതല്ലേ എന്നാണ് ബിജെപി മുതിർന്ന നേതാവ് ആർ.അശോക ഉയർത്തിയ പ്രധാന ചോദ്യം. ഇതിനു മറുപടിയായി, താൻ ദൾ വിട്ടു പോയതല്ല, മറിച്ച് അഹിന്ദ ( പിന്നാക്ക, ദലിത്, ന്യൂനപക്ഷ) കൺവൻഷൻ വിളിച്ചുചേർത്തതിനു പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡിദേവെഗൗഡ പുറത്താക്കിയതാണെന്നു സിദ്ധരാമയ്യ വിശദീകരിച്ചു. ഇതോടെ ദൾ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും സിദ്ധരാമയ്യയ്ക്കെതിരെ വാക്ശരം എയ്യുകയായി.

സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ അനുയായികൾ മനഃപൂർവം തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നു ദൾ സംസ്ഥാന അധ്യക്ഷൻ എ.എച്ച്. വിശ്വനാഥ് വിമർശിച്ചു. അത്രയേറെ നല്ല ഭരണാധികാരി ആയിരുന്നെങ്കിൽ 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കക്ഷിനില 130ൽ നിന്ന് 78 ആയി ഇടിഞ്ഞത് എന്താണെന്നും വിശ്വനാഥ് ചോദിച്ചു.

ഇതേറ്റുപിടിച്ച് ഒട്ടേറെ ദൾ നേതാക്കൾ സിദ്ധരാമയ്യയ്ക്കെതിരെ അഭിപ്രായ പ്രകടനവുമായി രംഗത്തുണ്ട്. ഇവരെ നിയന്ത്രിക്കാൻ ദേവെഗൗഡയും മുഖ്യമന്ത്രി കുമാരസ്വാമിയും തയാറാകാത്തതെന്തേ എന്നാണ് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ ചോദ്യം. ഏതായാലും പരസ്പരമുള്ള ചെളിവാരിയേറ് അവസാനിപ്പിക്കാൻ ദൾ- കോൺഗ്രസ് നേതാക്കൾ തയാറായില്ലെങ്കിൽ, വരും ദിനങ്ങളിൽ ഇതു പ്രയോജനപ്പെടുക ബിജെപിക്കായിരിക്കും.

You might also like

Comments are closed.