Times Kerala

മാലപൊട്ടിച്ചത് കാമുകി, അകത്തായത് കാമുകൻ; ആഡംബര ജീവിതത്തിനായി മാലമോഷണം നടത്തിയ കമിതാക്കൾ കുടുങ്ങി

 
മാലപൊട്ടിച്ചത് കാമുകി, അകത്തായത് കാമുകൻ; ആഡംബര ജീവിതത്തിനായി മാലമോഷണം നടത്തിയ കമിതാക്കൾ കുടുങ്ങി

പെരിന്തല്‍മണ്ണ: ആഡംബര ജീവിതത്തിനായി മാലമോഷണം നടത്തിയ കമിതാക്കൾ ഒടുവിൽ പിടിയിലായി. കാമുകന്റെ ബൈക്കിന് പിന്നില്‍ ഇരുന്ന് മഴക്കോട്ട് അണിഞ്ഞാണ് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പൊട്ടിച്ചെടുത്തത്. അതേസമയം,പിടിവീണപ്പോൾ കാമുകന്‍ ജയിലിലുമായി കാമുകിക്ക് എതിരെ കേസ് മാത്രമായി.

മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗാണ് (23) ആണ് സംഭവത്തിൽ അറസ്റ്റിലായത്.പെണ്‍കുട്ടിയുമായി ചെറുപ്പം മുതല്‍ ശ്രീരാഗ് അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ പദ്ധതിയിട്ടിരുന്നു. ആഡംബര ജീവിതം നയിക്കാനായിട്ടാണ് കവര്‍ച്ചയ്ക്ക് ഇറങ്ങിയതെന്ന് ഇരുവരും പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

23ന് വൈകിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ച് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങളും വച്ച് മാലപൊട്ടിച്ചത് ഒരു പെണ്‍കുട്ടിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.

തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മലപ്പുറത്തെ ജുവലറിയില്‍ ഇവര്‍ മാല വിറ്റു, ഇത് പോലീസ് കണ്ടെടുത്തു. വാടകയ്ക്ക് എടുത്ത ബൈക്കില്‍ എത്തിയായിരുന്നു മാല മോഷണം. പെണ്‍കുട്ടിക്ക് എതിരെ കേസ് എടുത്ത ശേഷം വീട്ടുകാര്‍ക്ക് ഒപ്പം വിട്ടയച്ചു.

Related Topics

Share this story