Times Kerala

ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നശിക്കുന്നു; കളക്ടര്‍ റിപ്പോര്‍ട്ട് തേടി

 
ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നശിക്കുന്നു; കളക്ടര്‍ റിപ്പോര്‍ട്ട് തേടി

തിരുവല്ല: ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ നഗരസഭാ ടൗണ്‍ ഹാളിനുള്ളില്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ ആര്‍.ഡി.ഒയോട് റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് ആര്‍.ഡി.ഒ. ഡോ. വിനയ ഗോയല്‍ നേരിട്ടെത്തി പരിശോധ നടത്തി.

മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചവയാണ്. ഇവ ഇവിടെ കെട്ടിക്കിടന്ന് നശിക്കുന്നനിലയിലായിരുന്നു. ആയിരത്തോളം ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയ്‌കളും 100 അഫ്ക ലൈറ്റ്, ഇതുകൂടാതെ തുറക്കാത്ത നിരവധി പെട്ടികളിലും നിരവധി സാധനങ്ങള്‍ ഉണ്ടായിരുന്നു.

താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണസേനയാണ് എത്തിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അന്ന് ടൗണ്‍ഹാളില്‍ സൂക്ഷിച്ചത്. പ്രളയത്തിനുശേഷം ഇവ എന്തുചെയ്യണമെന്ന തീരുമാനം എടുത്തിരുന്നില്ല. ഇവിടെനിന്ന് നീക്കണമെന്ന് നഗരസഭ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതില്‍ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട അനന്തര നടപടികള്‍ സംബന്ധിച്ച്‌ കളക്ടര്‍ക്ക് ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്ന് ആര്‍.ഡി.ഒ. അറിയിച്ചു.

അഫ്ക ലൈറ്റുകള്‍ പോലെയുള്ളവ അഗ്നിരക്ഷാസേനയ്ക്ക്‌ കൈമാറുകയോ, ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയ്‌കളും പഞ്ചായത്തുകള്‍ക്ക് നല്‍കി ഇവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച്‌ പഠനം നടത്താം. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ടാകുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. അതല്ല ഇവ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

Related Topics

Share this story