Times Kerala

നാട്ടിലേക്കു മടങ്ങാന്‍ വിമാനയാത്ര കാത്തിരുന്ന നാലു ബംഗാളി യുവാക്കളെ ട്രാവല്‍ ഏജന്‍സി പറ്റിച്ചു

 
നാട്ടിലേക്കു മടങ്ങാന്‍ വിമാനയാത്ര കാത്തിരുന്ന നാലു ബംഗാളി യുവാക്കളെ ട്രാവല്‍ ഏജന്‍സി പറ്റിച്ചു

നെടുമ്പാശ്ശേരി: നാട്ടിലേക്കു മടങ്ങാന്‍ വിമാനയാത്ര കാത്തിരുന്ന നാലു ബംഗാളി യുവാക്കളെ ട്രാവല്‍ ഏജന്‍സി പറ്റിച്ചു. ശനിയാഴ്ച ഇവര്‍ക്കു കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു പറക്കാന്‍ ട്രാവല്‍ ഏജന്‍സി നല്‍കിയത് പഴയ ടിക്കറ്റ് എഡിറ്റ് ചെയ്ത പ്രിന്റ്.

കഴിഞ്ഞ ദിവസം വൈകിട്ട് നെടുമ്പാശ്ശേരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു പോകാനെത്തിയ ബംഗാള്‍ സ്വദേശികളായ അജാദ് സേഖിനും മൂന്നു കൂട്ടുകാര്‍ക്കുമാണ് അബദ്ധം പറ്റിയത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരിലുള്ളതായിരുന്നു ടിക്കറ്റ്. ടിക്കറ്റ് കാണിച്ചു വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിച്ച ഇവര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണു ടിക്കറ്റ് വ്യാജമായി നിര്‍മിച്ചതാണെന്നു വ്യക്തമായത്.
2018 മേയില്‍ കൊച്ചി- ഗുവാഹത്തി സെക്ടറില്‍ ഒരു യാത്രക്കാരനു നല്‍കിയ ടിക്കറ്റിന്റെ പകര്‍പ്പില്‍ ബംഗാള്‍ സ്വദേശികളുടെ പേരും യാത്രാ തീയതിയും സെക്ടറും മാത്രം മാറ്റി പുതിയ പ്രിന്റ് എടുത്താണു തട്ടിപ്പു നടത്തിയത്. 3600 രൂപ വീതം ഇവരില്‍ നിന്ന് വാങ്ങിയിരുന്നു. നാലു പേര്‍ക്കും നാലു ടിക്കറ്റാണു നല്‍കിയതെങ്കിലും എല്ലാത്തിലും പിഎന്‍ആര്‍ നമ്പർ പഴയ ടിക്കറ്റിലേതു തന്നെയായിരുന്നു. വ്യാജ ടിക്കറ്റുമായി യാത്രക്കെത്തിയ ഇവരെ സുരക്ഷാ വിഭാഗം പിടികൂടി ചോദ്യം ചെയ്തു. ആധാര്‍ കാര്‍ഡും മറ്റും പരിശോധിച്ചതില്‍ നിന്ന് ഇവര്‍ ഇന്ത്യക്കാര്‍ തന്നെയെന്നും ട്രാവല്‍ ഏജന്‍സിയാല്‍ കബളിപ്പിക്കപ്പെട്ടതാണെന്നും ബോധ്യപ്പെട്ടു. തുടര്‍ നടപടികള്‍ക്കായി ഇവരെ നെടുമ്പാശ്ശേരി പോലീസിനു കൈമാറി.

എന്നാല്‍, വ്യാജ ടിക്കറ്റുമായി വരുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യേണ്ട പോലീസ് അത് ചെയ്യാതെ ട്രാവല്‍ ഏജന്‍സിയുമായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി ഇവരെ മൂവാറ്റുപുഴ സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. ബംഗാള്‍ സ്വദേശികള്‍ക്കു വഞ്ചിക്കപ്പെട്ടതില്‍ പരാതിയില്ലെന്നും പുതിയ ടിക്കറ്റ് ലഭിച്ചാല്‍ മതിയെന്നും പറഞ്ഞതിനാലാണു കേസെടുക്കാതിരുന്നതെന്നും നെടുമ്പാശ്ശേരി സിഐ പറയുന്നു.

മൂവാറ്റുപുഴ സ്റ്റേഷനിലും കേസെടുത്തിട്ടില്ല. വ്യാജ വിമാന ടിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതു രാജ്യസുരക്ഷയെ വരെ ബാധിക്കാമെന്നിരിക്കെ ഏജന്‍സിയെ രക്ഷപ്പെടുത്തുന്ന സമീപനമാണ് 2 പോലീസ് സ്റ്റേഷനുകളിലും നടന്നതെന്ന വിമര്‍ശനവും ഉണ്ട്.

Related Topics

Share this story