Times Kerala

എട്ട് മാസത്തിനിടെ ഒരു കുടുംബത്തില്‍  ഏഴ്  ദുരൂഹമരണങ്ങള്‍

 

തിരുവണ്ണാമലൈ: എട്ട് മാസത്തിനിടെ ഒരു കുടുംബത്തില്‍ മരിച്ചത് ഏഴ് പേര്‍.ഏഴും ദുരൂഹ സാഹചര്യത്തില്‍ സംഭവിച്ചവ. 2016 ഒക്‌ടോബര്‍ ഏഴിന് ക്രിസ്റ്റഫറെന്ന പതിമൂന്നുകാരന്‍റെ മരണത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇതിനകം ഈ കുടുംബത്തിലെ ആറ് പേര്‍ കൂടി മരിച്ചു. കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായിരുന്നു ശരണ്‍ എന്ന നാല് വയസ്സുകാരനാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. തിങ്കളാഴ്ചയായിരുന്നു ശരണിന്റെ മരണം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് ദുരൂഹ മരണങ്ങള്‍ തുടര്‍ക്കഥയായ ഈ കുടുംബം.

പനി ബാധിച്ച് തിരുവണ്ണാമലൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ശരണ്‍ തിങ്കളാഴ്ച വൈകുന്നേരം ശരണ്‍ മരിച്ചത്. ശരണിന് സാധാരണ പനി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. ദൂരൂഹമരണത്തിന്റെ കാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍.

ആദ്യം മരിച്ച ക്രിസ്റ്റഫറിന് പിന്നാലെ അതേ മാസം തന്നെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ മരണത്തിന് കീഴടങ്ങി. വിനോദ് കുമാര്‍ (23), നെല്‍സണ്‍ (11), കൃതിക മെര്‍ലിന്‍ (7), നെല്‍സന്റെ മുത്തച്ഛന്‍ ജോസഫ് (70) ക്രിസ്റ്റ (65) എന്നിവരാണ് മരിച്ചത്. എല്ലാവരും ഛര്‍ദിയെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ക്രിസ്റ്റയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വിഷബാധയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്റ്റയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കരളിലും വൃക്കയിലും രക്ത സാമ്പിളുകളിലും യെല്ലോ ഫോസ്ഫറസിന്റെ (എലി വിഷം) സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്ന് കേസന്വേഷണം പോലീസിന് കൈമാറിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് ആരോപിച്ചു.

Related Topics

Share this story