ഗോളടിച്ച് സലാഹിന്റെ മകൾ; വീഡിയോ വൈറൽ

ആൻഫീൽഡിൽ, വോൾവ്സിനെതിരെ നടന്ന ലിവർപൂളിൻ്റെ അവസാന ലീഗ് മത്സരത്തിനു ശേഷം സ്റ്റേഡിയം പൊട്ടിത്തെറിച്ചത് മുഹമ്മദ് സലാഹിൻ്റെ മകൾ മക്ക മുഹമ്മദ് സലാഹിനു വേണ്ടി ആയിരുന്നു. പിതാവിൻ്റെ സാന്നിധ്യത്തിൽ പന്ത് തട്ടി മക്ക വലയിലേക്കിട്ടപ്പോൾ സ്റ്റേഡിയം ആർത്തലച്ചു. മക്കയുടെ പന്ത് കളി വീഡിയോ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

തുടർച്ചയായ രണ്ടാം വട്ടവും സലാഹ് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയതിനു ശേഷമായിരുന്നു നാലു വയസ്സുകാരി മക്കയുടെ രംഗപ്രവേശനം. കുറച്ച് ദൂരം പന്ത് തട്ടിയപ്പോൾ തന്നെ ആരാധകർ ആർപ്പുവിളിക്കാൻ തുടങ്ങിയിരുന്നു. പന്ത് തട്ടി വലയിലേക്കിട്ടപ്പോൾ സ്റ്റേഡിയം ശബ്ദമുഖരിതമായി. പന്ത് കയ്യിലെടുത്ത് വീണ്ടും തിരികെ തട്ടി മക്ക വരുമ്പോഴും സ്റ്റേഡിയത്തിൽ ഉച്ചത്തിൽ ആർപ്പു വിളിച്ചു. മകളുടെ കാല്പന്തു കളി ശ്രദ്ധിക്കുന്ന സലാഹിനെയും ഭാര്യയെയും വീഡിയോയിൽ കാണാം.

22 ഗോളുകളോടെയാണ് സലാഹ് തുടർച്ചയായ രണ്ടാം വട്ടവും പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയത്. ലിവർപൂളിൻ്റെ തന്നെ സാദിയോ മാനെ, ആഴ്സനലിൻ്റെ ഔബമയാങ് എന്നിവർക്കൊപ്പം സലാഹ് ഗോൾഡൻ ബൂട്ട് പങ്കിടുകയാണ്. അതേ സമയം, 98 പോയിൻ്റുമായി തുടർച്ചയായ രണ്ടാം വട്ടവും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ലീഗ് ചാമ്പ്യൻ പട്ടം ചൂടിയത്. 97 പോയിൻ്റുമായി ലിവർപൂൾ രണ്ടാമതെത്തി.

You might also like

Leave A Reply

Your email address will not be published.