Times Kerala

വിചാരണ കോടതി വധശിക്ഷ വിധിച്ച മംഗലാപുരം സ്വദേശി സമദ് സാലിക്ക് ഒടുവിൽ അപ്പീൽ കോടതിയിൽനിന്ന് ആശ്വാസ വിധി

 
വിചാരണ കോടതി വധശിക്ഷ വിധിച്ച മംഗലാപുരം സ്വദേശി സമദ് സാലിക്ക് ഒടുവിൽ അപ്പീൽ കോടതിയിൽനിന്ന് ആശ്വാസ വിധി

വിചാരണ കോടതി വധശിക്ഷ വിധിച്ച മംഗലാപുരം സ്വദേശി സമദ് സാലിക്ക് ഒടുവിൽ അപ്പീൽ കോടതിയിൽനിന്ന് ആശ്വാസ വിധി. വിചാരണ കോടതി വിധി അസാധുവാക്കിയ അൽകോബാർ അഖ്‌റബിയ ക്രിമിനൽ കോടതി തെളിവിന്റെ അഭാവത്തിൽ സമദ് സാലിയെ വെറുതെ വിട്ടു. ആറു വർഷമായി ദമാം ഫൈസലിയ സെൻട്രൽ ജയിലിൽ കഴിയുന്ന 28 കാരൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ആഹ്ലാദത്തിലാണ്. വൈകാതെ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷ.

ജുബൈലിലെ ഒരു മാൻപവർ ഓഫീസിൽ ജോലി ചെയ്തിരുന്ന സമദ്, മൊബൈൽ ഫോണിലൂടെ ഒരു ഇന്തോനേഷ്യൻ യുവതിയുമായി പ്രണയ സല്ലാപത്തിൽ ഏർപ്പെട്ടതാണ് ജീവിതം തന്നെ ഇരുളിലാക്കിയ ഗുരുതര കേസിൽ പെടാൻ കാരണം. നിർധന കുടുംബാംഗമായ ഉമ്മയും മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണ് നാട്ടിലുള്ളത്. സമദിന്റെ പിതാവ് നേരത്തെ മരിച്ചു. ഏഴു വർഷം മുമ്പ് സൗദിയിലെത്തിയ സമദ് ജുബൈലിലെ ഒരു മാൻപവർ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ സമദ് ആകസ്മികമായാണ് അൽകോബാറിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കാരിയായ ഇന്തോനേഷ്യൻ യുവതി സിറ്റിയുമായി മൊബൈൽ വിളിയിലൂടെ പരിചയപ്പെടുന്നത്. ആ ബന്ധം പ്രണയമായി മാറുകയും, യുവതിയുമായി ദിവസവും മൊബൈലിൽ സല്ലപിക്കുന്നത് പതിവാകുകയും ചെയ്തു. ഇത് ഏഴു മാസത്തോളം നീണ്ടു. ഇതിനിടെ ഒരു ദിവസം യുവതിയെ മൊബൈലിൽ കിട്ടാതായി. കുറെ ദിവസങ്ങൾക്കു ശേഷം സമദിനെ ദമാം പോലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പിച്ചു.

അതനുസരിച്ച് ഹാജരായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെ അമ്പരന്ന സമദിന് പിന്നീടാണ് താൻ കൊലപാതക കേസിലാണ് അറസ്റ്റിലായതെന്ന് അറിയുന്നത്. ഇന്തോനേഷ്യക്കാരിയുടെ വീട്ടുടമ കൊല്ലപ്പെടുകയും, കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യുവതിയുടെ മൊബൈൽ പരിശോധിച്ച പോലീസ് അവരുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്ന സമദിനും കൊലപാതകത്തിൽ പങ്കുണ്ടാവുമെന്ന നിഗമനത്തിലാണ് അറസ്റ്റ് ചെയ്യുന്നത്.

കേസ് കോടതിയിലെത്തുകയും അൽകോബാർ ക്രിമിനൽ കോടതിയിൽ നടന്ന വിചാരണക്കൊടുവിൽ കൊലപാതകത്തിൽ സമദിനും പങ്കുണ്ടെന്ന് കണ്ട് കഴിഞ്ഞ വർഷം വധശിക്ഷ വിധിക്കുകയും ചെയ്തു. വിധിക്കെതിരെ സമദിനു വേണ്ടി മേൽകോടതിയിൽ അപ്പീൽ നൽകി. ഇതേതുടർന്ന് വീണ്ടും നടത്തിയ വിചാണക്കൊടുവിലാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടുകൊണ്ടുള്ള വിധി ഇന്നലെ പുറപ്പെടുവിച്ചത്. ജയിലിൽ അടക്കപ്പെടുമ്പോൾ 22 വയസ്സ് പ്രായം മാത്രമുണ്ടായിരുന്ന സമദ് തന്റെ നിരപരാധിത്വം പല തവണ കോടതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു.

ഇന്തോനേഷ്യൻ യുവതിയുമായി ഫോണിൽ ബന്ധപ്പെടുകയല്ലാതെ ഒരിക്കൽ പോലും നേരിൽ കണ്ടിരുന്നില്ലെന്ന് യുവാവ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ യുവതിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്ന സമദിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലായിരുന്നു കോടതി. ഇതനുസരിച്ചായിരുന്നു ആദ്യം വധശിക്ഷ വിധിച്ചതും. പുനർ വിചാരണയിലും സമദിനു വധശിക്ഷ നൽകാൻ പ്രോസിക്യൂഷൻ ശക്തമായ വാദം നടത്തിയിരുന്നു. സ്വദേശി പൗരന്റെ കുടുംബമാവട്ടെ ദിയാ പണം ലഭിക്കുന്നതിനു കേസിന്മേൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്തു.

പ്രോസിക്യൂഷന്റെ ശക്തമായ സമ്മർദത്തെ തുടർന്ന് റിയാദിൽ നിന്നും സ്‌പെഷ്യൽ ജഡ്ജി അൽകോബാറിലെ അഖ്‌റബിയയിലെ മേൽകോടതിയിലെത്തിയാണ് പുനർ വിചാരണയുടെ വിധി പ്രസ്താവിച്ചത്. സമദ് കുറ്റക്കാരനാണെന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, തെളിവിന്റെ അഭാവത്തിൽ വധശിക്ഷ നൽകാൻ കഴിയില്ലെന്നും കോടതി വിധിച്ചു. എന്നാൽ ഇന്തോനേഷ്യൻ യുവതിയെ കൂടുതൽ വിചാരണ നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വിധി പ്രസ്താവിക്കുമ്പോൾ ഇന്ത്യൻ എംബസിയുടെയും ഇന്തോനേഷ്യൻ എംബസിയുടെയും പ്രതിനിധികൾ കോടതിയിൽ എത്തിയിരുന്നു. ഇന്ത്യൻ എംബസി പ്രതിനിധി യൂസുഫ് പല തവണ ദമാം ജയിലിലെത്തി സമദിനെ ആശ്വസിപ്പിക്കുകയും കേസിന്റെ പുരോഗത ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് സമദ് തന്റെ നിരപരാധിത്വവും കേസിന്റെ വിവരങ്ങളും മൊബൈലിലൂടെ പങ്കുവെച്ചിരുന്നു.

Related Topics

Share this story