Times Kerala

പത്തുവര്‍ഷത്തിലേറെയായി പെണ്‍കുട്ടി ജീവിക്കുന്നത് ആണ്‍വേഷത്തില്‍

 

സുല്‍ത്താന്‍പൂര്‍: പത്തുവര്‍ഷത്തിലേറെയായി പെണ്‍കുട്ടി ജീവിക്കുന്നത് ആണ്‍വേഷത്തില്‍. അഫ്ഗാനിസ്ഥാനിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. സിതാര വഫേദാര്‍ എന്ന പെണ്‍കുട്ടിയാണ് ആണ്‍വേഷത്തില്‍ ജോലിയെടുക്കുന്നത്.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എട്ടാം വയസ്സില്‍ സിതാര ആണ്‍വേഷം കെട്ടുന്നത്. ചുടുകട്ട നിര്‍മ്മാണ കമ്പനിയില്‍ പിതാവിനൊനൊപ്പം ജോലിക്ക് കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു അത്.രണ്ട് കാരണങ്ങളാണ് ഈ നീക്കത്തിനായി മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ഒന്ന്‌,ആണ്‍കുട്ടിയായാല്‍ സമൂഹത്തില്‍ ലഭിക്കുന്ന സുരക്ഷിതത്വവും പരിഗണനയും. രണ്ട്, കുടുംബത്തിന് നിത്യചെലവിന് വരുമാനം കണ്ടെത്താനുള്ള ഒരുപാധി എന്ന നിലയ്ക്ക് .

ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശമില്ല. ബച്ചാ പോഷി എന്ന സമ്പ്രദായത്തിന്റെ ഭാഗമായാണ് സിതാരയ്ക്കും ഈ വേഷം കെട്ടേണ്ടിവന്നത്.ആണ്‍മക്കളില്ലെങ്കില്‍ പെണ്‍മക്കളിലൊരാളെ മാതാപിതാക്കള്‍ ഇത്തരത്തില്‍ വളര്‍ത്തും. എന്നാല്‍ പലരും ആര്‍ത്തവാരംഭത്തോടെ പെണ്‍ജീവിതത്തിലേക്ക് മടങ്ങുകയാണ് പതിവ്.

എന്നാല്‍ ഉപജീവനത്തിന് വേണ്ടിയാണ് ഈ വേഷം തുടരുന്നതെന്ന് സിതാര പറയുന്നു. അമ്മ പ്രമേഹരോഗിയാണ്. പിതാവിനും പ്രായമേറെയായി. വീട്ടുകാര്യങ്ങളും ചികിത്സയും നടന്നുപോകാന്‍ ഈ വേഷം കെട്ടിയേ തീരൂ സിതാരയ്ക്ക്.3 സഹോദരിമാര്‍ വിവാഹിതരാണ്. താന്‍ പെണ്‍കുട്ടിയായുള്ള ജീവിതത്തിലേക്ക് മാറിയാല്‍ 13 കാരിയായ അനുജത്തി ഈ വേഷം കെട്ടാന്‍ നിര്‍ബന്ധിതയാകും. അതൊഴിവാക്കാന്‍ താന്‍ ഇങ്ങനെ തുടരുകയാണെന്നും സിതാര പറയുന്നു.

Related Topics

Share this story