Times Kerala

രാമായണ പുണ്യവുമായി ഇന്ന് കർക്കടകം ഒന്ന്

 
രാമായണ പുണ്യവുമായി ഇന്ന് കർക്കടകം ഒന്ന്

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകം ഒന്ന്. വിശ്വാസികള്‍ രാമായണ പാരയാണത്തിന്‍റെ പുണ്യത്തിലേക്ക് കടക്കുന്ന നാൾ. കര്‍ക്കടകത്തിലെ ദുഃസ്ഥിതികള്‍ നീക്കി മനസിനു ശക്തി പകരാനുള്ള വഴിയായിട്ടാണ് രാമായണ പാരായണത്തെ കാണുന്നത്.മലയാള വര്‍ഷത്തിന്‍റെ അവസാന മാസമായ കര്‍ക്കിടകത്തിനെ ഭക്‌തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. കര്‍ക്കിടകമാസത്തെ കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നാളുകളില്‍ പഞ്ഞ മാസമായാണ് കരുതിയിരുന്നത്. വിളവെടുപ്പുകളൊന്നുമില്ലാത്ത മാസമായതിനാലാണ് അത്തരമൊരു പ്രയോഗം.

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം അഥവാ രാമായണ മാസം. നിനച്ചിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും വിളിപേരുണ്ട്. ഇടവം മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു; കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കർക്കടകം ധാരമുറിയാത്ത മഴയായിരുന്നു മുമ്പ് കർക്കടകത്തിന്റെ സവിശേഷത.

സൂര്യനെ കാണാനേ കഴിയില്ല….മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കൾക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കർക്കടകവാവും പിതൃതർപ്പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന ദിവസമാണത്…. നമ്മുടെ സര്‍വ്വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശിയാണ് കര്‍ക്കടകം.അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍ക്കടക രാശിക്ക് കൈവരുന്നു.ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.

കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു. രോഗങ്ങൾക്കും സാധ്യത ഏറെയാണ്. സൂര്യകിരണങ്ങൾക്കു ശക്‌തി കുറയുന്നതിനാൽ രോഗാണുക്കൾ പെരുകുന്നതാണതിനു കാരണം .രാമായണ മാസാചരണം ഈ അവസ്‌ഥകളിൽ മനസ്സിന് ശക്‌തി പകരാനുള്ള വഴിയാണ് ആത്മീയതം. മാസത്തിലെ 30 ദിവസവും ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പലവിധ പൂജകൾ പതിവുണ്ട്. വീടുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്. കേരളീയ ഗൃഹങ്ങളിൽ ഈ മാസം രാമായണ പാരായണമുണ്ടായിരുന്നെങ്കിലും രാമായണ മാസമായി ആചരിക്കാൻ തുടങ്ങിയത് ഏതാണ്ട് 20 കൊല്ലം മുൻപാണ്. അവതാര പുരുഷനായ രാമൻ തികഞ്ഞ മനുഷ്യനായാണ് ജീവിച്ചത്. രാമകഥ ആദ്യന്തം ദുഃഖം നിറഞ്ഞതാണ്. വാൽമീകി രാമായണം നമ്മൾ വായിക്കുമ്പോൾ അതിലെ ശോകഭാവം നാം ഉൾക്കൊള്ളുകയാണ്.

Related Topics

Share this story