Times Kerala

മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍..!

 
മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍..!

അറുപതാം ആനിവേഴ്‌സറിയുടെ ഭാഗമായി മിനികൂപ്പര്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ എഡിഷന്‍  സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. 1959 പ്രവര്‍ത്തനമാരംഭിച്ച മിനി 60 വർഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് 60 ഇയര്‍ ബാഡ്ജിങ്ങും സ്‌പെഷ്യല്‍ ഫീച്ചറുകളുമായി സ്പെഷ്യല്‍ എഡിഷന്‍‌ കൂപ്പര്‍ പുറത്തിറക്കിയത്. 3000 യൂണിറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളില്‍ 20 യൂണിറ്റാണ് ഇന്ത്യയിലെത്തിയത്. ഇതില്‍ കേരളത്തിലെത്തിയ നാലെണ്ണത്തില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന്‍ തന്‍റെ ഗ്യാരേജിലെത്തിച്ചിരിക്കുന്നത്.

കൊച്ചിയിലെ ബിഎംഡബ്ല്യു മിനി ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് കുഞ്ചാക്കോ ബോബന്‍ കുടുംബത്തോടൊത്ത് എത്തി വാഹനം സ്വന്തമാക്കിയത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷന്‍ ആയിരിക്കുന്നത്. ബോണറ്റിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ഇന്റിക്കേറ്ററിലും ബോണറ്റിലെ ഗ്രാഫിക്‌സിലും സീറ്റുകളിലും, സ്റ്റിയറിങ്ങ് വീലിലും 60 ഇയര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍-വൈറ്റ് ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലുള്ള വാഹനമാണ് സ്‌പെഷ്യല്‍ എഡിഷനായി വേഷപകര്‍ച്ച നടത്തിയിരിക്കുന്നത്.

2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് 60 ഇയര്‍ എഡിഷന്‍ മിനി കൂപ്പറിനും കരുത്തേകുന്നത്. ഇത് 192 ബിഎച്ച്പി പവറും 280 എന്‍എം ടോര്‍ക്കുമേകും. 6.7 സെക്കന്റ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. 40 ലക്ഷം രൂപയാണ് മിനി കൂപ്പറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

Related Topics

Share this story