Times Kerala

മിസിംഗ് കേസുകള്‍ പോലെ ഫയല്‍ ക്ലോസ് ചെയ്യുമെന്ന് ഡിജിപിയുടെ ഭീക്ഷണി; മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ അവഗണന; ലിഗയുടെ തിരോധാനകേസില്‍   ഗുരുതര ആരോപണവുമായി  ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസിനും

 

തിരുവനന്തപുരം: കാണാതായ വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ മുഖ്യമന്ത്രിയെയും, ഡി.ജി.പിയേയും കാണാന്‍ ചെന്ന സഹോദരി ഇലീസിനും ഭര്‍ത്താവ് ആന്‍ഡ്രൂസിനും കനത്ത അവഗണനയെന്ന് ആരോപണം. മുന്‍കൂര്‍ അനുമതി എടുത്ത് നിയമസഭയുടെ മുന്‍പില്‍ മൂന്നു മണിക്കൂര്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ പോലും കഴിഞ്ഞില്ല. ഇലീസിന്റെയും ആന്‍ഡ്രൂസിന്റെയും മുന്‍പിലൂടെ മുഖ്യമന്ത്രി കടന്നുപോകുകയും ചെയ്തു.

ഡി.ജി.പിയെ കാണാന്‍ മുന്‍കൂര്‍ അനുവാദം വാങ്ങി ആദ്യദിവസം ചെന്ന് എല്ലാ സുരക്ഷാ പരിശോധനയും കഴിഞ്ഞ കാത്തിരുന്നുവെങ്കിലും പിറ്റേന്ന് ചെല്ലാനായിരുന്നു മറുപടി. വിദേശവനിതുടെ ബന്ധുക്കള്‍ വന്നിട്ടുണ്ടെന്ന് ഡി.ജി.പിയെ ഉദ്യോഗസ്ഥര്‍ അറിയിച്ചുവെങ്കിലും തിരിഞ്ഞുനോക്കിയില്ല. പിറ്റേന്ന് ചെന്നപ്പോള്‍ ആക്രോശിക്കുകയായിരുന്നു. കേരള പോലീസിനെ കൂടുതല്‍ പഠിപ്പിക്കേണ്ട. കേസ് എങ്ങനെ അന്വേഷിക്കണമെന്ന് തങ്ങള്‍ക്കറിയാം. കൂടുതല്‍ പഠിപ്പിച്ചാല്‍ മറ്റ് മിസിംഗ് കേസുകള്‍ പോലെ ഇതിന്റെയും ഫയല്‍ ക്ലോസ് ചെയ്യുമെന്നും അദ്ദേഹം ഭീക്ഷണിപ്പെടുത്തി.

സഹികെട്ട് ആന്‍ഡ്രൂസും ഡി.ജി.പിക്ക് നേരെ തട്ടിക്കയറി. ‘താങ്കളുടെ ഭാര്യയെയാണ് കടല്‍ത്തീരത്തുവച്ച്‌ കാണാതാകുന്നതെങ്കില്‍, താങ്കള്‍ വീട്ടില്‍ പോയിരുന്നു റിലാക്‌സ് ചെയ്യുമോ? എന്ന് ആന്‍ഡ്രൂസ് തിരിച്ചടിച്ചു. ഇതോടെ അയഞ്ഞ ഡി.ജി.പി ഇരുവരേയും ചെറുതായെങ്കിലും കേള്‍ക്കാന്‍ തയ്യാറായി. കേരള പോലീസിന്റെ ഭാഗത്തുനിന്നുള്ള കനത്ത അനാസ്ഥയാണ് ലിഗയെ മരണത്തിലേക്ക് തള്ളിവിട്ടത്. കാണാതായ പത്താം ദിവസമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്നും ഇവരോടപ്പം ഉണ്ടായിരുന്ന ജ്വാല പ്രവര്‍ത്തക അശ്വതി പറഞ്ഞു

 

 

Related Topics

Share this story