Times Kerala

രാഷ്ട്രീയ അടവുനയത്തിൽ തര്‍ക്കഭാഗങ്ങള്‍ ഒഴിവാക്കി ഭേദഗതി; വോട്ടെടുപ്പ് ഉണ്ടാകില്ല

 

ഹൈദരാബാദ്: രാഷ്ട്രീയ അടവുനയത്തിൽ സമന്വയം കൊണ്ടുവന്നതോടെ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് ഒഴിവായി. യച്ചൂരി – കാരാട്ട് പക്ഷങ്ങളുടെ വാദങ്ങൾ കണക്കിലെടുത്തുള്ള ഭേദഗതി അവതരിപ്പിച്ചാണ് സമന്വയം കൊണ്ടുവന്നത്. മറ്റുപാർട്ടികളുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. എന്നാൽ 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ഒന്നടങ്കം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ സമ്മർദത്തിലായ കാരാട്ടുപക്ഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. കേരളവും ത്രിപുരയും മതേതര സഖ്യത്തെ എതിർത്തെങ്കിലും ഫലമുണ്ടായില്ല.

കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതു മാറ്റി, പകരം കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന് ആക്കിയതാണു മാറ്റങ്ങളിൽ പ്രധാനം. തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് നീക്കുപോക്കു നടത്താൻ അരങ്ങുയരും. ബംഗാൾ ഘടകത്തിന് ആശ്വാസമാകുന്നതാണ് ഈ നിലപാട്. കൂടാതെ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസുമായി യോജിക്കാമെന്ന നിലപാടിലും മാറ്റംവരുത്തി. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇനി പാർലമെന്റിൽ സിപിഎം കോൺഗ്രസിനൊപ്പം നിൽക്കാനാണ് തീരുമാനം.

 

Related Topics

Share this story