Times Kerala

സൗദിയിലെ സംയുക്ത സൈനികാഭ്യാസത്തിന് ഖത്തര്‍ സൈന്യവും

 

ജിദ്ദ: സൗദിയില്‍ നടന്ന സംയുക്ത സൈനികാഭ്യാസത്തില്‍ ഖത്തര്‍ സൈന്യവും പങ്കെടുത്തു. ‘ജോയിന്റ് ഗള്‍ഫ് ഷീല്‍ഡ്1’ എന്ന പേരില്‍ നടന്ന സൈനികാഭ്യാസ പ്രകടനത്തിലാണ് ഖത്തര്‍ സൈന്യം പങ്കാളികളായത്. സൗദി സൈനിക മേധാവിയുടെ ക്ഷണം സ്വീകരിച്ചാണ് ഖത്തര്‍ സൈന്യം റാസല്‍ ഖൈറിലേക്ക് പുറപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

സൗദിയിലെ ജുബൈല്‍ നഗരത്തിനു സമീപമുള്ള റാസല്‍ ഖൈറില്‍ വച്ചാണ് പരിശീലനം നടന്നത്. സൈനിക പ്രകടനത്തില്‍ 25 ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ പങ്കെടുത്തു. ഖത്തര്‍ സൈന്യത്തിന്റെ വ്യോമ, നാവിക, കരസേനകളില്‍പ്പെട്ട വിദഗ്ധര്‍ പങ്കെടുത്തു. ബ്രിഗേഡിയര്‍ ജനറല്‍ ഖമീസ് മുഹമ്മദ് ദബ്ലാനാണ് ഖത്തര്‍ സൈന്യത്തിന് നേതൃത്വം നല്‍കിയത്. പങ്കെടുത്ത എല്ലാ രാജ്യങ്ങളും തങ്ങളുടെ സൈനിക ശേഷി പ്രദര്‍ശിപ്പിക്കുകയും പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഖത്തറിനെതിരെ സൗദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് സൗദിയുമായി സൈനിക പരിശീലനം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Topics

Share this story