chem

കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായകമായ ന്യൂറോഹാബ് ലക്ഷ്മി ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: കുട്ടികളിലെ വൈകല്യങ്ങള്‍ കഴിയുന്നതും ശൈശവത്തില്‍ തന്നെ പരിഹരിക്കുന്നതിനും കൂടുതല്‍ മെച്ചമായ ഒരു ഭാവിജീവിതത്തിന് അവരെ പ്രാപ്തരാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ലക്ഷ്മി ഹോസ്പിറ്റലിലെ ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ് വിഭാഗത്തിന്റെ കീഴില്‍ ഒരു ഏര്‍ലി ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്റര്‍വന്‍ഷന്‍ (ഹാബിലിറ്റേഷന്‍) ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ മുപ്പത് വര്‍ഷത്തെ സേവന പരിചയവുമുള്ള ഡോ. തോമസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ ഒന്നാണ് ലക്ഷ്മി ഹോസ്പിറ്റല്‍. ലക്ഷ്മി ഹോസ്പിറ്റലിന്റെ ആലുവ കേന്ദ്രത്തിലാണ് ഈ സേവനം ലഭ്യമാകുകയെന്ന് ഡോ. തോമസ് എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചലന സംബന്ധമായുണ്ടാകുന്ന കുഴപ്പങ്ങള്‍, സംസാരം, ആശയ വിനിമയ തകരാറുകള്‍, പഠന വൈകല്യം, ബുദ്ധി, എ ഡി എച്ച് ഡി, ഓട്ടിസം, പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന പ്രധാന പ്രശ്‌നങ്ങള്‍. ലോകത്തില്‍ ഇരുപത് ശതമാനം കുട്ടികളില്‍ ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ കണ്ടുവരുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂഎച്ഒ ) പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കുഴപ്പങ്ങള്‍ ജനനത്തോട് കൂടിയോ ശൈശവത്തിലോ ആണ് ആരംഭിക്കുന്നതെങ്കിലും പിന്നീട് വളര്‍ച്ചയുടെ ചില ഘട്ടങ്ങളില്‍ മാത്രം ക്രമേണ വൈകല്യങ്ങള്‍ പ്രകടമാവുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഏറ്റവും ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്ന ശൈശവ പ്രായത്തില്‍ അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നാല്‍ കുഴപ്പങ്ങള്‍ പുറമെ പ്രകടമാകുന്നതിന് മുമ്പുതന്നെ അതിനുള്ള സാധ്യതയും അടിസ്ഥാന തകരാറുകളും
ഒരു പരിശോധനയിലൂടെ കണ്ടുപിടിക്കുകയും പരിഹാരങ്ങള്‍ ആരംഭിക്കുകയും ചെയ്യുക എന്നതാണ് ഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ഡോ. തോമസ് എബ്രഹാം പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ശരാശരി നാല് വയസാകുമ്പോള്‍ മാത്രമാണ് മിക്ക കുഴപ്പങ്ങളും ശ്രദ്ധിക്കപെടുന്നതെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ ശിശുക്കള്‍ക്കും പ്രത്യേകിച്ച് കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുട്ടികള്‍ക്ക് ജന്മം മുതല്‍ ക്രമമായി ഇത്തരം പരിശോധനയ്ക്ക് അവസരം നല്‍കണം. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍, ജനിക്കുമ്പോള്‍ തൂക്കം കുറഞ്ഞവര്‍, അബോര്‍ഷനുകള്‍ക്ക് ശേഷം ജനിക്കുന്ന കുട്ടികള്‍, ഗര്‍ഭാവസ്ഥയിലും ജനന സമയത്തും പ്രശ്‌നനങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്കുമൊക്കെ മറ്റ് ശിശുക്കളെ അപേക്ഷിച്ച് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളില്‍ 20 ശതമാനവും തൂക്കം കുറഞ്ഞവരാണെന്നത് തന്നെ പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും ഡോ. തോമസ് എബ്രഹാം പറഞ്ഞു.

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ആദ്യത്തെ മൂന്ന് മാസക്കാലം. അതിന് ശേഷമുള്ള മൂന്ന് മാസക്കാലം പ്രധാന ചില കഴിവുകളുടെ വളര്‍ച്ചാക്ഷമത പരിശോധിക്കാന്‍ ഉചിതമായ പ്രായമാണ്. അതുകൊണ്ട് അഞ്ചു മാസം പ്രായമായ എല്ലാ ശിശുക്കളെയും ഇരുപതു ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പ്രത്യേക വൈകല്യ നിര്‍ണയ പരിശോധന ന്യൂറോഹാബ് നടത്തുന്നു. ശിശുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവി ജീവിതത്തില്‍ ഗുണകരമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ ഈ പരിശോധനക്ക് സാധിക്കും. ബുദ്ധിമുട്ടുകള്‍ക്ക് തടയിടാനുള്ള ലക്ഷ്യത്തോടെ ഒരു പ്രത്യേക പ്രീലേര്‍ണിംഗ് സ്‌കില്‍ ചെക്കപ്പും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ദേശീയ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നും പഠനവും പരിശീലനവും പൂര്‍ത്തിയാക്കുകയും, ശിശുക്കളിലെ വൈകല്യ സംബന്ധമായ വിവിധ വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്തിട്ടുള്ളവരും റീഹബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചവരുമായ ഒരു ടീമാണ് ന്യൂറോഹാബില്‍ പ്രവര്‍ത്തിക്കുന്നത്. ഏര്‍ളി ഇന്റര്‍വെന്‍ഷനിസ്റ്റ്, മള്‍ട്ടി റീഹബിലിറ്റേഷന്‍ സ്‌പെഷ്യലിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പത്തോളജിസ്റ്റ്, റീഹബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. എല്ലാ അടിസ്ഥാന വിദഗ്ധ സേവനങ്ങളും ഒരു സ്ഥാപനത്തില്‍ ലഭ്യമാകുന്നുവെന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

വൈകല്യങ്ങള്‍ ശൈശവത്തില്‍ തന്നെ കണ്ടുപിടിക്കുകയും, ക്രമമായ പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെയും ഭാവി വൈകല്യങ്ങള്‍ ഒഴിവാക്കാനോ അവയുടെ കാഠിന്യം കുറച്ച് ഭാവി ജീവിതം സുഗമമാക്കാനോ കഴിയും. പ്രായം കൂടും തോറും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകും.

പലപ്പോഴും മാതാപിതാക്കള്‍ക്ക് വേണ്ട ശാസ്ത്രീയ അറിവും അവബോധവും ഇക്കാര്യത്തില്‍ ലഭിക്കാറില്ല. അവര്‍ക്കു ലഭിക്കുന്നത് ശാസ്ത്രീയം എന്ന് ധ്വനിപ്പിക്കുന്ന അറിവുകളാണ്. ശാസ്ത്രീയമായ അറിവുകള്‍ അവരിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം വൈദ്യശാസ്ത്ര പ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട്. അത് സ്വന്തം കുഞ്ഞിന്റെ സംരക്ഷണത്തിന് അവരെ പ്രാപ്തരാക്കുക മാത്രമല്ല ചൂഷണങ്ങള്‍ക്കെതിരെ സ്വയം സംരക്ഷിക്കാനുള്ള ശാസ്ത്രീയ കവചവും അവര്‍ക്കു ലഭിക്കും.

നിലവിലുള്ള സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഈ കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് അവരുടെ മനസ്സ് പറയുന്നുവെങ്കില്‍ ഒട്ടും താമസിക്കാതെ ഒരു പരിശോധന നടത്തി കാര്യങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്. ഇത് താമസിപ്പിക്കുന്നതാണ് സ്വന്തം കുഞ്ഞിനോട് ചെയ്യുന്ന വലിയ തെറ്റ്. ഫലപ്രദമായ ചികത്സക്ക് ലഭിക്കുന്ന വിലപ്പെട്ട അവസരമാണ് താമസിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നതെന്നും ഡോ. തോമസ് എബ്രഹാം ചൂണ്ടിക്കാണിച്ചു. ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ.കെ.ആര്‍. വാര്യരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രോഗ ചികിത്സയില്‍ മാത്രമല്ല കുട്ടികളുടെ ഭാവി ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് കുട്ടികളുടെ ആരോഗ്യമേഖലയില്‍ ലക്ഷ്മി ഹോസ്പിറ്റല്‍ അനുവര്‍ത്തിച്ചു വരുന്നത്. 1979 ല്‍ ആരംഭിച്ച ലക്ഷ്മി ഹോസ്പിറ്റലില്‍ മാതൃ-ശിശു ചികിത്സകള്‍ പ്രധാനമായും നല്‍കുന്നതോടൊപ്പം മറ്റു ചികിത്സാസൗകര്യങ്ങളും ലഭ്യമാണ്. നിലവില്‍ കൊച്ചി ദിവാന്‍ റോഡിലും ആലുവയിലും തൃപ്പൂണിത്തുറയിലുമായി മൂന്ന് ആശുപത്രികളാണുള്ളത്.

You might also like

Comments are closed.