Times Kerala

ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതി പറയാനെത്തി, വീട്ടിലേക്ക് മടങ്ങിയത് കൈനിറയെ സമ്മാനങ്ങളുമായി; മാതൃകയായി കാളികാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

 
ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതി പറയാനെത്തി, വീട്ടിലേക്ക് മടങ്ങിയത് കൈനിറയെ സമ്മാനങ്ങളുമായി; മാതൃകയായി കാളികാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

മലപ്പുറം: ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതി പറയാനെത്തിയ വീട്ടമ്മക്കും മക്കൾക്കും കുടുംബത്തിലെ പ്രശ്‌ന പരിഹാരത്തിനൊപ്പം പൊലീസിന്‍റെ വക കൈനിറയെ സമ്മാനങ്ങളും ബിരിയാണിയും. ചോക്കാട് നാൽപ്പത് സെന്‍റ് കോളനിയിലെ ആതിരക്കും മക്കൾക്കുമാണ് കാളികാവിലെ ജനകീയ പൊലീസിന്‍റെ സ്‌നേഹ സമ്മാനങ്ങൾ ലഭിച്ചത്.

അഞ്ച് കുട്ടികളുടെ മാതാവും ഗർഭിണിയുമായ ആതിര കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരാതിയുമായി അഞ്ചുമക്കൾക്കുമൊപ്പം കാളികാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി കേട്ട പൊലീസ് ഭർത്താവ് രാജനേയും വിളിപ്പിച്ചു. എസ്ഐ സികെ നൗഷാദ് രാജനുമായും ആതിരയുമായും സംസാരിച്ച് കുടുംബ പ്രശ്നത്തിൽ രമ്യതയുണ്ടാക്കി.

പ്രശ്നപരിഹാരം കണ്ടപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു. കുട്ടികൾക്ക് വിശന്ന് തുടങ്ങി. ഇതോടെ കുട്ടികള്‍ക്ക് പൊലീസുകാര്‍ ബിരിയാണി വാങ്ങിക്കൊടുക്കുകയായിരുന്നു. ബിരിയാണിപ്പൊതി കിട്ടിയതോടെ എല്ലാവരും ഏറെ സന്തോഷത്തിലായി. കൂടാതെ പഠനസാമഗ്രികളുടെ കുറവുണ്ടെന്ന് അറിയിച്ച കുട്ടികൾക്ക്

പൊലീസുകാർ സ്വരൂപിച്ച പണം കൊണ്ട് നോട്ട് പുസ്തകങ്ങളും പേനയും വാങ്ങി നൽകുകയും ചെയ്തു. ഇവർക്ക് തിരിച്ച് കോളനിയിലേക്ക് മടങ്ങിപ്പോകാനുള്ള വാഹനംകൂടി പോലീസുകാർ ഒരുക്കിക്കൊടുത്തു.

Related Topics

Share this story