Times Kerala

കാർഷിക മേഖലയിൽ തൊഴിൽ കണ്ടെത്തുകയാണ് യുവാക്കൾ ചെയ്യേണ്ടത്: മന്ത്രി എ സി മൊയ്തീൻ

 
കാർഷിക മേഖലയിൽ തൊഴിൽ കണ്ടെത്തുകയാണ് യുവാക്കൾ ചെയ്യേണ്ടത്: മന്ത്രി എ സി മൊയ്തീൻ

തൃശ്ശൂർ: കാർഷിക മേഖലയിൽ തൊഴിൽ കണ്ടെത്തുകയാണ് ഇന്നത്തെ കാലഘട്ടത്തിൽ യുവാക്കൾ ചെയ്യേണ്ടതെന്നും അതിന് എല്ലാവിധ സഹായവും സർക്കാർ ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 45 ഏക്കറിലായി പടർന്ന് കിടക്കുന്ന സുഭിക്ഷ കേരളം ജൈവ പച്ചക്കറികളുടെ ബ്ലോക്ക് തല വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരിശു ഭൂമി ഉപയോഗപ്പെടുത്തി കാർഷികോൽപാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നത് കൂടിയാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മൊയ്തീൻ പറഞ്ഞു.

പെരിങ്ങോട്ടുകര കിഴക്കുംമുറി ശ്രീബോധാനന്ദ വായനശാലക്ക് വടക്ക് നെല്ലിപറമ്പിൽ പരേതനായ രാജന്റെ പത്തേക്കർ പറമ്പിലെ പച്ചക്കറിയാണ് വിളവെടുത്തത്. ഇതിന് പുറമെ 35 ഏക്കറിൽ വിവിധ പഞ്ചായത്തുകളിലായി പച്ചക്കറി കൃഷി പുരോഗമിക്കുന്നുണ്ട്. സർവ്വതോ ഭദ്രം ഓർഗാനിക് സുമായി ചേർന്ന് 45 ഏക്കറിൽ ജൈവനെൽ കൃഷിയും ബ്ലോക്ക് പഞ്ചായത്ത് ചെയ്യുന്നുണ്ട്. ഓരോ വീട്ടു തൊടിയും കൃഷിയിടങ്ങളാക്കി മാറ്റുകയെന്ന സർക്കാർ നിർദ്ദേശം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം.പദ്ധതി വിഹിതത്തിന്റെ പകുതിയിലധികം തുക ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തിനെ പച്ചക്കറിയിൽ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾക്കുള്ള തുടക്കം കൂടിയാണ് വിളവെടുപ്പുത്സവം.

ഗീതാഗോപി എം എൽ എ അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് പി സി ശ്രീദേവി, എ ഡി എ കെ കെ ജയമാല, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, സർവ്വതോഭദ്രം ഓർഗാനിക്ക് രക്ഷാധികാരി അഡ്വ.എ യു രഘുരാമ പണിക്കർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ പരമേശ്വരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീബ മനോഹരൻ, കെ എൽ ജോസ്, കൺവീനർ അഡ്വ.ഋഷികേശ് പണികർ എന്നിവർ പങ്കെടുത്തു.

Related Topics

Share this story