Times Kerala

യു പിയില്‍ കൗമാരക്കാരായ സഹോദരിമാരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

 

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ സഹോദരിമാരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പതിനേഴും പതിമൂന്നും പെണ്‍കുട്ടികളുടെ ചെരുപ്പുകളും വെടിയുണ്ടകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പുറത്തുപോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ ഇവര്‍ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ ഇരുവരെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൃഷിയിടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പോലീസിനെയും ബന്ധുക്കളെയും അവരാണ് വിവരം അറിയിച്ചത്. തങ്ങള്‍ക്ക് ശത്രുക്കള്‍ ആരുമില്ലെന്നും അതുകൊണ്ടുതന്നെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും റിപ്പോര്‍ട്ട് ലഭിച്ചശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Related Topics

Share this story