Nature

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ്; ഐടി വകുപ്പിന്റെ പരാതിയിൽ സ്വപ്നയ്ക്കെതിരെ ആറ് കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്കെതിരെ കേസ്. ഐടി വകുപ്പിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമടക്കം ആറ് കുറ്റങ്ങള്‍ ചുമത്തി. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, വിഷന്‍ടെക് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തു.

അതേസമയം, നയതന്ത്രമാര്‍ഗം ദുരുപയോഗിച്ചു സ്വര്‍ണം കടത്തിയത് ഭീകരപ്രവര്‍ത്തനത്തിനെന്ന് ഉറപ്പിച്ച് എന്‍ഐഎ. കടത്തുകള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. അതിനിടെ, യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരെ കേസില്‍ ഉള്‍പ്പെടുത്താത്തത് എന്തെന്ന് പ്രതിഭാഗം ചോദ്യമുയര്‍ത്തി. പ്രതികള്‍ രണ്ടുപേരെയും ഏഴുദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതിന്റെ സാധുത ഉറപ്പിച്ചുകൊണ്ടാണ് ഭീകരപ്രവര്‍ത്തനം എന്ന തലത്തിലേക്ക് കാര്യങ്ങളെത്തുന്നത്. സ്വര്‍ണമെത്തിച്ചത് ജ്വല്ലറികള്‍ക്കുവേണ്ടിയല്ല, ഭീകരപ്രവര്‍ത്തനമായിരുന്നു ലക്ഷ്യമെന്ന് എന്‍.ഐ.എ കോടതിയില്‍ നിലപാടെടുത്തു. നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ ഔ‌ദ്യോഗികമുദ്രയും സീലും അടക്കം വ്യാജമായി നിര്‍മിച്ചു. യുഎഇയിലാണ് ഇത് ചെയ്തത്.

കോണ്‍സുലേറ്റില്‍ മുന്‍പു ജോലി ചെയ്ത സ്വപ്ന സുരേഷും പിഎസ് സരിത്തും നയതന്ത്ര ബാഗേജിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി മനസിലാക്കിയിരുന്നു. അങ്ങനെയാണ് തട്ടിപ്പിന് ‍പദ്ധതിയിട്ടത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ഈ വാദങ്ങള്‍ക്കൊടുവിലാണ് കോണ്‍സുലേറ്റിനെ കൂടി പെടുത്തുന്ന മട്ടില്‍ പ്രതി സന്ദീപ് ചോദ്യം ഉന്നയിച്ചത്. നയതന്ത്ര ബാഗേജ് അയക്കാന്‍ അറ്റാഷെയുടെ തിരിച്ചറിയല്‍ രേഖ വേണമെന്നിരിക്കെ എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥനെ കേസില്‍ ഉള്‍പ്പെടുത്തുന്നില്ല. യു.എ.ഇയിലെ ക്ലിയറിങ് ഏജന്റിനെയും പ്രതിചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍നിന്ന് സന്ദീപിനെ പിടികൂടിയപ്പോള്‍ ലഭിച്ച ബാഗ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. നിര്‍ണായക രേഖകള്‍ ഇതിലുണ്ടെന്നാണ് കരുതുന്നതെന്നും കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കാമെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ, യു.എ.ഇയില്‍ നിന്ന് സ്വര്‍ണം അയച്ചയാളുടെ ‌പേര് ഫാസില്‍ എന്നാദ്യം എഫ്ഐആറില്‍ ചേര്‍ത്തിരുന്നത് തിരുത്തി ഫൈസല്‍ ഫരീദ് എന്നാക്കി. പ്രതിയുടെ സ്ഥലം തൃശൂര്‍ കൈപ്പമംഗലം എന്നാക്കി വിലാസവും കോടതിയുടെ അനുമതിയോടെ മാറ്റി രേഖപ്പെടുത്തി. ഇപ്പോഴത്തെ സ്വര്‍ണക്കടത്തിന് തൊട്ടുമുന്‍പ് ഒന്‍പതും, പതിനെട്ടും കിലോ സ്വര്‍ണം രണ്ടുതവണയായി സംഘം കടത്തിയിരുന്നുവെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളുടെ വിവരങ്ങള്‍ ശേഖരിക്കും. ഫൈസലിനെ പിടികൂടാന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും എന്‍ഐഐ കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.