Times Kerala

കോവിഡ് വായുവിലൂടെ പകരും.? ഒടുവിൽ തെളിവുകള്‍ അംഗീകരിച്ച് ലോകാരോഗ്യ സംഘടന; കൂടുതൽ വിശകലനം നടത്തുമെന്നും സംഘടനാ വക്താവ്

 
കോവിഡ് വായുവിലൂടെ പകരും.? ഒടുവിൽ തെളിവുകള്‍ അംഗീകരിച്ച് ലോകാരോഗ്യ സംഘടന; കൂടുതൽ വിശകലനം നടത്തുമെന്നും സംഘടനാ വക്താവ്

ജനീവ: ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി മരണ താണ്ഡവം തുടരുന്ന കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ഒടുവിൽ ലോകാരോഗ്യ സംഘടന സമ്മതിച്ചു. സംഘടനയുടെ കോവിഡ്19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകളെ സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒക്ക് തുറന്ന കത്തെഴുതിയിരുന്നു. ഒരു ജേണലില്‍ ഈ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് രോഗം വായുവിലൂടെ പകരുന്നതിനുള്ള തെളിവുകളുണ്ടെന്ന പഠനത്തെ ഡബ്ല്യു.എച്ച്.ഒ. അംഗീകരിക്കുന്നതായി അറിയിച്ചത്.

തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ മാത്രം ചെറിയ തുള്ളികളിലൂടെ വായുവിലൂടെ പകരുമെന്നാണ് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശത്തിലുള്ളത്. എന്നാല്‍ ചെറിയ കണികകള്‍ വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.

ഗവേഷകരുടെ തെളിവുകളെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും വിശകലനങ്ങള്‍ നടത്തുകയും ചെയ്യണ്ടതുണ്ടെന്ന് മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു.

Related Topics

Share this story