Times Kerala

ലോകപ്രശസ്‌ത സിനിമാ താരം റോജർ വാർഡിന്റെ ഇന്ത്യൻ അരങ്ങേറ്റം മലയാള സിനിമയിലൂടെ

 
ലോകപ്രശസ്‌ത സിനിമാ താരം റോജർ വാർഡിന്റെ ഇന്ത്യൻ അരങ്ങേറ്റം മലയാള സിനിമയിലൂടെ

ലോകപ്രശസ്‌ത സിനിമാ താരം റോജർ വാർഡ് ആദ്യമായി ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു. അതും മലയാള സിനിമയിൽ. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന “തരിയോട്: ദി ലോസ്റ്റ് സിറ്റി” എന്ന ചിത്രത്തിലൂടെയാണ് വാർഡ് തന്റെ ഇന്ത്യൻ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നത്. ഓസ്‌ട്രേലിയൻ സിനിമയുടേയും ടെലിവിഷനിന്റെയും ചരിത്രത്തിൽ മാറ്റി നിർത്തനാവാത്ത വ്യക്തിയാണ് റോജർ വാർഡ്. ക്ലാസിക്‌ സിനിമകളായ സ്റ്റോൺ (1974), ദി മാൻ ഫ്രം ഹോംഗ് കോങ്ങ് (1975), മാഡ് ഡോഗ് മോർഗൺ (1976), മാഡ് മാക്സ് (1979) ടർക്കി ഷൂട്ട് (1982) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കാഴ്ചവെച്ച നടനാണ് റോജർ വാർഡ്.

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത തരിയോട് എന്ന ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്കാണ് തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന് പേര് നൽകിയിരിയ്‌ക്കുന്ന ഈ ചരിത്ര സിനിമ. നിർമൽ തന്നെയാണ് ഈ സിനിമയുടേയും സംവിധായകൻ. ചിത്രത്തിലെ പ്രധാന വിദേശ താരങ്ങളുടെ പേരുകൾ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ബിൽ ഹച്ചൻസ്, ലൂയിങ് ആൻഡ്രൂസ്, അലക്സ് ഓ നെൽ, കോർട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടൻ ബേൺ തുടങ്ങിയ അന്താരാഷ്‌ട്ര താരങ്ങളുടെ പേരുകൾ മുൻപേ പുറത്തു വിട്ടതിനു പുറമെയാണ് ടീം തരിയോട് ഈ പുതിയ അനൗൺസ്‌മെന്റ് നടത്തിയിരിക്കുന്നത്. 2022 അവസാനത്തോടെ തുടങ്ങുന്ന ചിത്രത്തിലെ ഇന്ത്യൻ താരങ്ങളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്തൊന്‍പതാം നൂറ്റാണ്ടിൽ മലബാറിലെ തരിയോടിൽ നടന്ന സ്വർണഖനനത്തിന്റെ ചരിത്രം പറയുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലീഷ് അടക്കം മറ്റ് പല ഭാഷകളിലും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്.

നിര്‍മല്‍ സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററി യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു. ഡോക്യൂമെന്ററിയുടെ ട്രൈലെർ ഇതേ മേളയിൽ ബെസ്റ്റ് ട്രൈലെർ എന്ന മത്സര വിഭാഗത്തിൽ അവസാന റൗണ്ടിൽ എത്തിയിരുന്നു.

Related Topics

Share this story