Times Kerala

കർക്കടക കഞ്ഞി.!

 
കർക്കടക കഞ്ഞി.!

ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. അധികം വെയിൽ ഇല്ലാത്തതും ആവശ്യത്തിന് മഴ ലഭിക്കുന്നതുമായ ഈ കാലം പ്രകൃതി മലയാളികൾക്കായി ചിങ്ങത്തെ വരവേൽക്കാനായി കനിഞ്ഞു നൽകിയതാണ്.

കർക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോള്‍ ചെറുപ്പക്കാർ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികൾ ആയുർവേദത്തിലെ ഔഷധക്കഞ്ഞിയിൽനിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്.

മരുന്നു കഞ്ഞി കർക്കടകത്തിലേക്കു മാത്രമുള്ളതല്ല. ചരകസംഹിതയിൽ വിവിധയിനം കഞ്ഞികളെക്കുറിച്ചു പ്രതിപാദിക്കുന്ന അധ്യായം തന്നെയുണ്ട്. വർഷത്തിൽ 12 മാസവും ശീലിക്കേണ്ട ഒന്നാണു കഞ്ഞിയെന്ന് ആയുർവേദം പറയുന്നു.

ഓരോ നാട്ടിലും കഞ്ഞി തയ്യാറാക്കുന്നതു പല രീതികളിലാണ്. കുറുന്തോട്ടി വേരിന്മേൽതൊലി, ജീരകം, പഴുക്കപ്ലാവില ഞെട്ട് മുതലായവ ഒരു നിശ്‌ചിത തോതിൽ അരച്ച് ആട്ടിൻപാലും പശുവിൻപാലും സമം ചേർത്ത് അതിൽകലക്കി നാലിരട്ടി വെള്ളം ചേർത്ത് അടുപ്പത്ത് വച്ചുവറ്റിച്ച് പകുതി വറ്റിയാൽ പാകത്തിൽ നവരയുടെ ഉണക്കലരിയിട്ട് വെന്തു പാകമായാൽ വാങ്ങി ആറി രാവിലെ പ്രാതലിനു പകരം കഴിക്കുകയാണ് സാധാരണ പതിവുള്ളത്.

ഭക്ഷ്യയോഗ്യവും ഔഷധയോഗ്യവുമായ, വിശ്വസനീയമായി ലഭ്യമാകുന്ന ഔഷധക്കൂട്ടുകൾ നവരയരിയോ ഉണക്കലരിയോ ചേർത്ത് രുചിപ്രധാനമായി ഉപയോഗിക്കാം എന്ന് കർക്കടകക്കഞ്ഞിയെക്കുറിച്ചു പൊതുവായി പറയാം.

Related Topics

Share this story