Times Kerala

കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ നാലിൽ മൂന്ന് ശതമാനവും പുരുഷന്മാർ, രോഗലക്ഷണം തൊണ്ടവേദന ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ ഇങ്ങനെ…

 
കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ നാലിൽ മൂന്ന് ശതമാനവും പുരുഷന്മാർ, രോഗലക്ഷണം തൊണ്ടവേദന ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ ഇങ്ങനെ…

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് 19 ബാധിക്കുന്നവരിൽ കൂടുതൽ പുരുഷന്മാർക്കെന്ന് റിപ്പോർട്ട്.സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരിൽ 73.4% പേർ പുരുഷന്മാരും 26.6% സ്ത്രീകളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പേർക്കും രോഗലക്ഷണം തൊണ്ടവേദനയെന്നും റിപ്പോർട്ടിലുണ്ട്.

കൊവിഡ് ആദ്യം സ്ഥിരീകരിച്ച 500 പേരിലായിരുന്നു പഠനം നടത്തിയത്. ഇതിൽ 71.2% ശതമാനം രോഗികളും പതിനൊന്നിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരാണ്. 10 വയസിനു താഴെ 4.4% വും. മരണ നിരക്ക് 0.6 ശതമാനത്തിനടുത്തു മാത്രം. കൂടുതൽ പേർക്കും രോഗലക്ഷണം തൊണ്ട വേദനയാണ്. ചുമയും പനിയുമാണ് തൊട്ടു പിന്നിൽ.

അതേസമയം, പത്തു ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു. രോഗബാധിതരിൽ 42 ശതമാനത്തിന് രോഗലക്ഷണമുണ്ടായിരുന്നില്ലെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 58 ശതമാനം പേർക്ക് രോഗലക്ഷണം പ്രകടമായിരുന്നു. ഗുരുതര രോഗലക്ഷണമുള്ളവർ 4 ശതമാനത്തിനടുത്തു മാത്രം. 12.17 ശതമാനത്തോളം ആൾക്കാർക്ക് മറ്റ് രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ ഉണ്ടായിരുന്നു.

രോഗലക്ഷണം കണ്ടതുമുതൽ ചികിത്സ ആരംഭിക്കാൻ എടുത്ത സമയദൈർഘ്യം 3 ദിവസത്തിൽ താഴെയാണ്. ആർ ടി പി സി ആർ നെഗറ്റീവ് ആകുവാൻ എടുത്തത് ഏതാണ്ട് 13 ദിവസവും ആശുപത്രിയിൽ കിടക്കേണ്ടി വന്നത് 14 ദിവസവും ആണെന്ന് കണ്ടെത്തി. ഐസിയു വേണ്ടി വന്നത് ഒരു ശതമാനം രോഗികൾക്ക് മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്.

Related Topics

Share this story