Times Kerala

തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളിൽ മന്ത്രി കടകംപള്ളി എത്തി; തൃപ്തിയോടെ പ്രദേശവാസികൾ

 
തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളിൽ മന്ത്രി കടകംപള്ളി എത്തി; തൃപ്തിയോടെ പ്രദേശവാസികൾ

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ബന്ധപ്പെട്ട മറ്റു സംവിധാനങ്ങളും വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൂന്തുറ ഉൾപ്പടെയുള്ള വിവിധ കണ്ടെയിൻമെന്റ് പ്രദേശങ്ങൾ സന്ദർശിച്ചു. പൂന്തുറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ മന്ത്രി ആരോഗ്യ പ്രവർത്തകരുമായി വിശദമായി സംസാരിച്ചു.

എല്ലാവിധ സൗകര്യങ്ങളും സജ്ജമാണെന്നും ചികിത്സ തേടിയെത്തുന്നവർ നന്നായി സഹകരിക്കുന്നതായും ആരോഗ്യ പ്രവർത്തകർ മന്ത്രിയെ അറിയിച്ചു. 24 മണിക്കൂറും സേവനങ്ങൾ ഉറപ്പാക്കണമെന്നും ഏതാവശ്യങ്ങൾക്കും വേണ്ട സർക്കാർ സംവിധാനങ്ങൾ ലഭ്യമാക്കാമെന്നും മന്ത്രി അവരെ അറിയിച്ചു. തുടർന്ന് പാരിഷ് ഹാളിലെത്തിയ മന്ത്രിയെ ഫാദർ അന്തോണി അടിമ ബെബിൻസന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായതിൽ അങ്ങേയറ്റം ഖേദമുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന സംവിധാനങ്ങൾ ഏറ്റവും മികച്ചതാണെന്നും ഇക്കാര്യത്തിൽ തങ്ങൾ പൂർണ തൃപ്തരാണെന്നും മന്ത്രിയെ അദ്ദേഹം അറിയിച്ചു. നാട്ടുകാർ ഇക്കാര്യങ്ങളിൽ പൂർണമായും സഹകരിക്കും. ചെറിയ അശ്രദ്ധ മൂലമുണ്ടായ അനിഷ്ട സംഭവത്തിൽ അബദ്ധത്തിൽ പങ്കാളികളായിപ്പോയർക്ക് കുറ്റബോധമുണ്ടെന്നും അത് മുഖ്യമന്ത്രിയെക്കൂടി അറിയിക്കണമെന്നും ഫാദർ മന്ത്രിയോട് അഭ്യർഥിച്ചു. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിൽ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും മുഴുവൻ സമയവും ഉണ്ടാകുമെന്നും ഉടൻതന്നെ വിഷമഘട്ടത്തെ അതിജീവിക്കുമെന്നും മന്ത്രിയും പറഞ്ഞു.

തുടർന്ന് പൂന്തുറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെത്തിയ മന്ത്രി അവിടത്തെ തയ്യാറെടുപ്പുകൾ വിലയിരുത്തി. രോഗികളെ പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാർ മന്ത്രിയെ അറിയിച്ചു. കിടക്കകൾ അടക്കമുള്ള സംവിധാനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ മന്ത്രി നൽകി. പിന്നാലെ ബീമാപള്ളിയിലെ ബി.എം. ആശുപത്രിയിലും മന്ത്രി എത്തി സൗകര്യങ്ങൾ വിലയിരുത്തി. ട്രിപ്പിൾ ലോക്ക്ഡൗണിനിടയിലും തങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രിയെ കാണാനെത്തിയ നാട്ടുകാർ അറിയിച്ചു. കോവിഡ് 19 പോലുള്ള മഹാമാരിക്കു മുന്നിൽ ലോകം വിറച്ചു നിൽക്കുന്ന ഈ ഘട്ടത്തിൽ തികഞ്ഞ ആത്മസംയമനത്തോടെ നമ്മൾ പെരുമാറണമെന്നും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കൃത്യമായും പാലിക്കണമെന്നും മന്ത്രി നാട്ടുകാരോട് അഭ്യർത്ഥിച്ചു. സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും ഈ മഹാമാരിയിൽ നിന്നും വേഗത്തിൽ രക്ഷനേടാൻ നമുക്ക് കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Related Topics

Share this story