Nature

എസ്.ബി.ഐയുടെ വ്യാജ ബ്രാഞ്ച്; തമിഴ്‌നാട്ടിൽ 3 പേർ അറസ്റ്റിൽ

രാജ്യത്തെ ബാങ്കിങ് മേഖലയെ ഞെട്ടിച്ച് തമിഴ്നാട്ടിലെ കടലൂരില്‍ എസ്.ബി.ഐയുടെ വ്യാജ ബ്രാഞ്ച് കണ്ടെത്തി. മുന്‍ ജീവനക്കാരുടെ മകന്റെ നേതൃത്വത്തിലാണു ലോക്ക് ഡൗണിൽ വ്യാജ ബ്രാഞ്ച് പ്രവര്‍ത്തിച്ചത്. പുതിയ ബ്രാഞ്ചിനെ കുറിച്ചു ഇടപാടുകാരന്‍ മറ്റൊരു ബ്രാഞ്ചില്‍ അന്വേഷിച്ചപ്പോഴാണ് എസ്.ബി.ഐ വിവരം അറിയുന്നതും പൊലീസില്‍ പരാതിപ്പെടുന്നതും. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

കടലൂര്‍ ജില്ലയിലെ പന്റൂ ട്ടിയെന്ന സ്ഥലത്തെ തട്ടിപ്പ് കഥ കേട്ട് ബാങ്കിങ് മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബിഐയുടെ അതെ കെട്ടിലും മട്ടിലുമാണ് വ്യാജ ബ്രാഞ്ച് ഉണ്ടാക്കിയിരിക്കുന്നത്. ആരും തിരിച്ചറിയാതെ മൂന്നുമാസത്തിലേറെ ബ്രാഞ്ച് പ്രവർത്തിച്ചുവെന്നതാണ് ഏറെ അതിശയം. പന്റൂട്ടി നോര്‍ത്ത് ബസാറിലെ പുതിയ ബ്രാഞ്ചിനെ കുറിച്ച് മറ്റൊരു ബ്രാഞ്ചില്‍ ഒരു ഇടപാടുകാരന്‍ അന്വേഷിച്ചപ്പോഴാണു വിവരം എസ്.ബി.ഐ. അറിയുന്നത്. നോര്‍ത്ത് ബസാറില്‍ ബ്രാഞ്ചില്ലെന്നു എസ്.ബി.ഐ പറഞ്ഞപ്പോള്‍ ഇടപാടുകാരന്‍ രസീത് ഹാജരാക്കുകയായിരുന്നു.

തുടര്‍ന്ന് സോണല്‍ മാനേജര്‍ അടക്കമുള്ളവര്‍ നോര്‍ത്ത് ബസാര്‍ ബ്രാഞ്ചിലെത്തി പരിശോധിച്ചപ്പോഴാണ് കള്ളക്കളി പുറത്തായത്. സാധാരണ ബാങ്ക് ബ്രാഞ്ചിലുള്ള എല്ലാ സംവിധാനവും ഇവിടെയും ഉണ്ടായിരുന്നു. സോണല്‍ മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസെത്തി ബാങ്കിലുണ്ടായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. എസ്.ബി.ഐ ജീവനക്കാരായിരുന്ന ദമ്പതികളുടെ 19 വയസുള്ള മകന്‍ കമല്‍ബാബുവാണു കേസിലെ പ്രധാനി. സര്‍വീസിലിരിക്കെ അച്ഛൻ മരിച്ചതിനാല്‍ ഇയാള്‍ ആശ്രിത നിയമത്തിനു അപേക്ഷിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മറ്റു രണ്ടു പ്രതികളായ കുമാര്‍, മാണിക്യം എന്നിവരൊന്നിച്ചു ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങി. ലോക്ക് ഡൗണ്‍ സമയത്തു ഏപ്രിലിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

അതേസമയം, പണം നഷ്ടമായതായി ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നു പന്റൂത്തി ഇന്‍സ്പെക്ടര്‍ പറഞ്ഞു. എന്നാല്‍, കമല്‍ ബാബുവിന്റെ അമ്മയുടെയും അമ്മാവന്റെയും അക്കൗണ്ടുകളില്‍ വന്‍തോതില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ബാങ്ക് രസീതുകള്‍ സീലുകള്‍ , ചെലാനുകള്‍ തുടങ്ങി മുഴുവന്‍ രേഖകളും വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയിരുന്നത്. ഇടപാടുകാര്‍ക്കു പണം നഷ്ടമായിട്ടുണ്ടോയെന്നറിയില്ല. വിശദമായ പരിശോധന വേണ്ടിവരുമെന്ന് എസ്.ബി.ഐയും അറിയിച്ചു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.