Times Kerala

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യമെന്ന് ചൈന

 
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യമെന്ന് ചൈന

ബെയ്ജിം​ഗ്: തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന വാദവുമായി ചൈന. മാത്രമല്ല, ചെമ്മീന്‍ നിറച്ച കണ്ടെയിനറുകളുടെ കാര്യത്തിലും പാക്കിങിലും കമ്പനികള്‍ വേണ്ടത്ര ശുചിത്വം പാലിച്ചിട്ടില്ലെന്ന് ചൈനീസ് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിമര്‍ശിച്ചു. ജൂലൈ 3ന് ചൈനയിലെത്തിയ ചെമ്മീന്‍ കണ്ടെയിനറിലാണ് കൊറോണ സാന്നിധ്യം കണ്ടെത്തിയത്. ഇക്വഡോറിലെ മൂന്ന് കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇതോടെ ഈ മൂന്ന് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാല്‍ കണ്ടെയ്നറുകളില്‍ മാത്രമാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതെന്നും ചെമ്മീനില്‍ അല്ലെന്നും സംഭവം ചൈന പെരുപ്പിച്ച് കാണിക്കുകയാണെന്നും ഇക്വഡോര്‍ കമ്പനി കുറ്റപ്പെടുത്തി. എന്നാല്‍ ഭക്ഷ്യവസ്തുക്കളില്‍ നിന്നും കൊറോണ പകരുന്നതിന് തെളിവില്ലെന്നാണ് അമേരിക്കയുടെ ഭക്ഷ്യ വിഭാഗം പറയുന്നത്. ബ്രസീല്‍, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ 23 പ്ലാന്‍റുകളില്‍ നിന്നുള്ള ഇറക്കുമതി ചൈന ഇതിനകം നിര്‍ത്തിവെച്ചിട്ടുണ്ട്.

അതേസമയം, ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ ചൈനയിലെത്തി. കഴിഞ്ഞ ദിവസമാണ് ചൈന രാജ്യത്ത് പ്രവേശിക്കാനും പരിശോധനകൾ നടത്താനും ലോകാരോഗ്യസംഘടനക്ക് അനുമതി നൽകിയത്.

മൃഗങ്ങളില്‍നിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടര്‍ന്നു എന്നത് കണ്ടെത്തലാണ് ഇവരുടെ പ്രധാനലക്ഷ്യം. വവ്വാലില്‍ കാണുന്ന കോറോണവൈറസ് വെരുക്, ഈനാംപേച്ചി പോലുള്ള ജീവികളിലൂടെയാവാം മനുഷ്യരിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വുഹാനിലെ മാംസച്ചന്തയില്‍ നിന്നാണോ ഇത് സംഭവിച്ചതെന്ന സംശയത്തിലാണ് ശാസ്ത്ര സംഘം.വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് മേയില്‍ നടന്ന ലോക ആരോഗ്യസമ്മേളനത്തില്‍ 120 രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ്-19 കൈകാര്യംചെയ്യാന്‍ സ്വതന്ത്രപാനല്‍ രൂപവത്കരിക്കുമെന്നു ഡബ്ല്യു എച്ച് ഒ കഴിഞ്ഞദിവസം ജനീവയില്‍ പറഞ്ഞിരുന്നു. സംഘടനയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം അമേരിക്ക ഐക്യരാഷ്ട്രസഭയെ അറിയിച്ചതിനുപിന്നാലെയായിരുന്നു ഇത്.

Related Topics

Share this story