Times Kerala

പഞ്ചായത്ത് പദ്ധതികളറിയാന്‍ എരഞ്ഞോളിക്കാര്‍ക്ക് ഇനി എന്‍ ഗ്രാമം ആപ്പ്

 
പഞ്ചായത്ത് പദ്ധതികളറിയാന്‍  എരഞ്ഞോളിക്കാര്‍ക്ക് ഇനി എന്‍ ഗ്രാമം ആപ്പ്

തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമസഭകളില്‍ നടക്കുന്ന ചര്‍ച്ചയിലൂടെയാണ് സാധാരണ ഉപകാരപ്രദമായ പദ്ധതികളെകുറിച്ചും തീരുമാനങ്ങളെകുറിച്ചും ജനങ്ങള്‍ അറിയാറുള്ളത്. എന്നാല്‍ ഈ കോവിഡ് കാലത്ത് അതൊന്നും നടക്കില്ല. കാര്യങ്ങള്‍ അറിയാതിരിക്കാനും പറ്റില്ല. ഈ പ്രതിസന്ധി പരിഹരിക്കാനായി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കണ്ടെത്തിയ വഴിയാണ് ‘എന്‍ ഗ്രാമം’ മൊബൈല്‍ ആപ്പ്. പഞ്ചായത്തിലെ ഏതൊരാളും അറിയേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച മൊബൈല്‍ ആപ്ലിക്കേഷനാണിത്. ഇതില്‍ പഞ്ചായത്തിലെ പദ്ധതികളും അറിയിപ്പുകളും എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് എന്‍ ഗ്രാമം എന്ന ആപ്പ് ഡൗണ്‍ ലോഡ് ചെയ്താല്‍ പഞ്ചായത്തിന്റെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ എത്തും.

2020-21 ലെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചസമയമാണ്. ജനങ്ങള്‍ ഇവ അറിയുകയും അപേക്ഷിക്കുകയും ചെയ്യേണ്ടതും ഇപ്പോഴാണ്. എന്നാല്‍ ഈ കൊറോണ കാലത്ത് സാമൂഹിക അകലവും കടുത്ത നിയന്ത്രണങ്ങളും നിലനില്‍ക്കുമ്പോള്‍ ആര്‍ക്കും തടസം ഉണ്ടാകരുതെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആലോചനയിലാണ് എന്‍ ഗ്രാമം വികസിപ്പിച്ചതെന്ന് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ കെ രമ്യ പറഞ്ഞു. കാര്‍ഷിക അനുബന്ധ പദ്ധതികളുടെ ഗുണഭോക്തൃ അപേക്ഷകള്‍ സ്വീകരിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടാമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ ആപ്പ് വികസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ഈ ആപ്പ് വഴി കെട്ടിട നികുതി, ഭൂനികുതി, കറന്റ് ബില്‍ വാട്ടര്‍ ബില്‍ എന്നിവ അടയ്ക്കാനാകും. കൂടാതെ പഞ്ചായത്തിലെ തൊഴിലാളികളുടെ , ഫോണ്‍ നമ്പറടങ്ങുന്ന ലേബര്‍ ബാങ്ക് കൂടി ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് വഴി തെങ്ങു കയറാനും മരം മുറിക്കാനുമൊക്കെ ഒരു ഫോണ്‍ കോള്‍ അകലെ ആളുകള്‍ റെഡി ആണ്. ഓട്ടോ ഡ്രൈവര്‍മാരുടെയും ലോറി ഡ്രൈവര്‍മാരുടെയുമെല്ലാം നമ്പറുകളും ഈ ആപ്പില്‍ ലഭ്യമാണ്. പഞ്ചായത്തിലെ എല്ലാ അറിയിപ്പുകളും ആപ്പ് വഴി ജനങ്ങളില്‍ എത്തിക്കാനുമുള്ള ശ്രമം കൂടിയാണ് ‘എന്‍ ഗ്രാമ’ത്തിലൂടെ ലക്ഷ്യമിടുന്നത്.

സുഭിക്ഷ കേരളം എന്ന ലക്ഷ്യത്തിലേക്കു കൂടുതല്‍ ജനങ്ങളെ പങ്കാളിയാക്കി സുതാര്യമായി പ്രവര്‍ത്തിക്കാന്‍ ഈ ആപ്പ് സഹായിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. ഇതില്‍ ഓരോ ഭക്ഷ്യ ഉത്പന്നവും ഏതൊക്കെ കര്‍ഷകരുടെ അടുത്ത് നിന്ന് ലഭ്യമാകും എന്നറിയാന്‍ അവരുടെ ഫോണ്‍ നമ്പര്‍ സഹിതം നല്‍കിയിട്ടുണ്ട്. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ഏതൊരാള്‍ക്കും ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ വര്‍ഷം പഞ്ചായത്ത് അംഗീകരിച്ച കാര്‍ഷിക, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളെക്കുറിച്ചും അറിയാം. അതിന്റെ വിവരങ്ങളും, അര്‍ഹത, മുന്‍ഗണന മാനദണ്ഡങ്ങള്‍ എന്നിവയും വായിച്ചു യോജിച്ചതെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ അപേക്ഷിക്കാം. അപേക്ഷയുടെ തല്‍സ്ഥിതിയും ആപ്പിലൂടെ അറിയാന്‍ സാധിക്കും. ഇതേ സമയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് എത്ര അപ്ലിക്കേഷന്‍ ഓരോ പ്രൊജക്ടിലും വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭിച്ചു എന്നറിയാനും ക്രോഡീകരിച്ചു ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. അപേക്ഷ സമര്‍പ്പിക്കലും, ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിലും കൂടുതല്‍ സുതാര്യത വരുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. കൊറോണ കാലത്തു വീടുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സഹായിച്ച ‘ചങ്ങായി’ ആപ്പിന്റെ അണിയറശില്‍പികളായ കില കോര്‍ഡിനേറ്റര്‍ ഡോ. അനൂപ നാരായണന്‍, അസ്ലം മോചേരി, അവിനാഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘എന്‍ ഗ്രാമം’ആപ്പും തയ്യാറാക്കിയിരിക്കുന്നത്. ആപ്പ് തുടങ്ങി ഒരുമാസം പിന്നിടുമ്പോഴേക്കും ഇരുനൂറ്റി അന്‍പതിലധികം പേര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Related Topics

Share this story