Times Kerala

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി  ‘പഠനമുറി’ 

 
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി  ‘പഠനമുറി’ 

കാസർഗോഡ്: പട്ടികജാതി കുടുംബങ്ങളിലെ ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ എല്ലാവിധ ഭൗതിക സൗകര്യങ്ങളോടും കൂടിയ പഠനമുറികള്‍ നിര്‍മ്മിക്കുന്ന പഠനമുറി പദ്ധതി ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്നു. 2016 മുതല്‍ ഇതുവരെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ജില്ലയില്‍ 960 പഠനമുറികള്‍ അനുവദിച്ചതായി ജില്ലാ പട്ടികജാതി വികസന ആഫീസര്‍ മീനാറാണി.എസ ്പറഞ്ഞു.

പഠനമുറി നിര്‍മ്മിക്കാം

നിലവിലുളള വീടിനോട് ചേര്‍ന്നോ, സ്ഥലസൗകര്യം ഇല്ലായെങ്കില്‍ വീടിന്റെ, മുകളിലോ പഠനമുറി നിര്‍മ്മിക്കാം. മാരകരോഗം ബാധിച്ച രക്ഷിതാക്കള്‍ ഉളള കുടുംബം, പെണ്‍കുട്ടികള്‍ മാത്രമുളള കുടുംബം, വിധവ/വിഭാര്യന്‍ നയിക്കുന്ന കുടുംബം, വരുമാനം കുറവുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ഒരു കിടപ്പുമുറി മാത്രമുളള വീടുകളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയാവണം.

പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ധനസഹായ തുകയായ രണ്ട് ലക്ഷം രൂപ നാല് ഗഡുക്കളായി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. ഇങ്ങനെ നിര്‍മ്മിക്കുന്ന പഠനമുറിയുടെ മേല്‍ക്കൂര, കോണ്‍ക്രീറ്റ് ചെയ്തതും, തറ ടൈല്‍ പാകിയതും, വാതില്‍, ജനല്‍, പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുളള അലമാര, ലൈറ്റ്, ഫാന്‍ എന്നീ സൗകര്യങ്ങളോട് കൂടിയതുമാണ്.

പദ്ധതി അടിയന്തിരമായി നടപ്പിലാക്കി അര്‍ഹതപ്പെട്ട പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നതിനുളള പ്രാരംഭ നടപടികള്‍ എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്തിലെ പട്ടികജാതി പ്രൊമോട്ടര്‍മാരുമായോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ പട്ടികജാതി വികസന ആഫീസര്‍ മീനാറാണി.എസ് അറിയിച്ചു.

Related Topics

Share this story