Times Kerala

പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്കൊണ്ടൊരു ലൈഫ് ജാക്കറ്റ്.!

 
പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്കൊണ്ടൊരു ലൈഫ് ജാക്കറ്റ്.!

തൃശൂർ: പ്രകൃതിദുരന്തങ്ങളെ തടയാനായില്ലെങ്കിലും ഫലപ്രദമായ മുന്നൊരുക്കത്തിലൂടെ അവയുടെ ആഘാതം ലഘൂകരിക്കാനാകും എന്ന് തെളിയിക്കുകയാണ് അഗ്‌നി രക്ഷാ സേനാ. വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന സമയങ്ങളിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ലൈഫ് ജാക്കറ്റ് നിർമ്മിക്കാം എന്ന് ജനങ്ങളെ പരിചയപ്പെടുത്തുകയാണ് കേരള ഫയർ ആന്റ് റെസ്‌ക്യു സർവ്വീസെസിന്റെ ഫയർ ഫ്‌ലൈസ് യൂട്യൂബ് ചാനൽ.

വെള്ളപ്പൊക്ക സമയങ്ങളിൽ ഏറ്റവും കൂടുതലായി കാണുന്ന ഒരു പാഴ്‌വസ്തുവാണ് ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ. ഇങ്ങനെ ഒരു ലിറ്ററിന്റെ കേടുപാടുകളില്ലാത്ത അടപ്പോട് കൂടിയ ഒമ്പത് പ്ലാസ്റ്റിക് ബോട്ടിലുകളും ഏഴ് മീറ്റർ നീളത്തോട് കൂടിയ രണ്ട് കയറും ഉപയോഗിച്ചാണ് ലൈഫ് ജാക്കറ്റിന്റെ നിർമ്മാണം. ഏഴ് മീറ്റർ നീളത്തിലുള്ള കയറുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക് ബോട്ടിലുകൾ ചേർത്ത് കെട്ടിക്കൊണ്ട് നിർമ്മിക്കുന്ന ലൈഫ് ജാക്കറ്റ് ശരീരത്തിൽ ചേർത്ത് കെട്ടിയാണ് ഉപയോഗിക്കേണ്ടത്.

കൂടാതെ എത്ര ശരീരഭാരമുള്ളവർക്കും വെള്ളത്തിൽ പൊങ്ങിക്കിടക്കാവുന്ന തരത്തിൽ നിർമ്മിക്കാനാകുന്നതാണ് പ്ലാസ്റ്റിക് ബോട്ടിലുകൾക്കൊണ്ടുള്ള ലൈഫ് ജാക്കറ്റ്.
ജലാശയഅപകടങ്ങളിൽ നിന്ന് രക്ഷനേടുന്നതിനൊപ്പം അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് അതിവേഗം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ മുന്നൊരുക്ക വീഡിയോയുടെ ഭാഗമായി ഫയർ ആന്റ് റെസ്‌ക്യു സർവ്വീസെസിന്റെ ഫയർ ഫ്‌ളൈസ് ബോട്ടിൽ ലൈഫ്ജാക്കറ്റുകളുടെ നിർമ്മാണരീതി അവതരിപ്പിക്കുന്നത്. ബോട്ടിൽ ലൈഫ്ജാക്കറ്റുകളുടെ നിർമ്മാണ രീതി കാണുന്നതിന് ഫയർ ആന്റ് റെസ്‌ക്യു സർവ്വീസെസിന്റെ ഫയർ ഫ്‌ളൈസ് യൂട്യൂബ് ചാനൽ സന്ദർശിക്കാവുന്നതാണ്.

ഫയർ ആന്റ് റസ്‌ക്യൂ സർവ്വീസസിന്റെ ഡയറക്ടർ ജനറലായ ആർ ശ്രീലേഖ ഐ പി എസ്, ഡയറക്ടർ അഡ്മിനിസ്‌ട്രേറ്ററായ എം നൗഷാദ്, ഫയർ ആന്റ് റസ്‌ക്യൂ അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ റെനി ലൂക്കോസ്, സിവിൽ ഡിഫൻസ് അക്കാദമി ജില്ലാ ഫയർ ഓഫീസർ എസ് സൂരജ്, സിവിൽ ഡിഫൻസ് അക്കാദമി സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൾ സലീമിന്റെയും നേതൃത്വത്തിൽ മുഹമ്മദ് അലി എഫ്ആർഒ പെരിന്തൽമണ്ണ, നോബിൾ രാജു എഫ്ആർഒ (ഡി), കെ ആർ ശ്രീനിവാസൻ എഫ് എ ആർ എസ് എ ക്ലർക്ക്, ആൽബിൻ അബ്രഹാം സിവിൽ ഡിഫൻസ് എസ് എഫ് ആർ ഒ, അബിമോദ് യസോദരൻ, വിപിൻ ചന്ദ്രൻ, ആര്യാനന്ദ് മുരളി തുടങ്ങിയവരാണ് സുരക്ഷാ മുന്നൊരുക്ക വീഡിയോയുടെ പിന്നണിയിൽ പ്രവർത്തിച്ചത്.

Related Topics

Share this story