Nature

തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്ത് അപകടകരമായ പ്രവണതകളെന്ന് മുഖ്യമന്ത്രി. കോവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു. യുഡിഎഫ് നേതാക്കളാണ് അട്ടിമറിനീക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആന്റിജന്‍ ടെസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൂന്തുറയില്‍ വാട്സപ് പ്രചാരണം നടത്തി. തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

“വ്യാജ വാര്‍ത്ത ചമയ്ക്കുന്നവരെ പിടികൂടും. സമൂഹമാധ്യമങ്ങളിലൂടെ പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാകും. ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യം വച്ചാണ്. പ്രതിപക്ഷ രാഷ്ട്രീയനേതൃത്വം തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നിലുണ്ട്. ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിട്ട് എന്തു രാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നത്? ഇപ്പോഴത്തെ സമരം നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്.” – അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് വ്യാപനത്തിൽ കേരളം അഭിമുഖീകരിക്കുന്നത് വന്‍ദുരന്തത്തെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറയിലേത് മുംബൈയ്ക്കും ചെന്നൈയ്ക്കും സമാനമായ സ്ഥിതിയാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം അതിവേഗം പടര്‍ന്നുപിടിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

അതിനിടെ, ജില്ലയിൽ പൂന്തുറ ഉള്‍പ്പെടെ അഞ്ച് കോവിഡ് ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി. നഗരത്തിലെ മൂന്ന് വാര്‍ഡുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. ഒരു പ്രത്യേക പ്രദേശത്ത് അന്‍പതില്‍ കൂടുതല്‍ കേസുകള്‍ വരുന്നതാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. തിരുവനന്തപുരത്തെ ക്ലസ്റ്ററില്‍ പരിശോധിച്ച 1192 പേരില്‍ 243 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. തലസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരികരിച്ച 129 പേരില്‍ 105 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴിയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.