Times Kerala

അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കാർഡുകൾ പിടിച്ചെടുക്കും; പിഴ ഈടാക്കും

 
അനര്‍ഹമായി  റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കാർഡുകൾ പിടിച്ചെടുക്കും; പിഴ ഈടാക്കും

കാസർഗോഡ്: ജില്ലയിലെ  അന്ത്യോദയ അന്നയോജന (മഞ്ഞ) മുന്‍ഗണന(പിങ്ക്) കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍ നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില ഈടാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ച് ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പ്. ജില്ലയില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ അരി,ഗോതമ്പ്,പഞ്ചസാര എന്നിവ ചിലര്‍ അനര്‍ഹരായി കൈപ്പറ്റുന്നുണ്ടെന്ന് പരാതികള്‍ വകുപ്പിന് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നത് വരെ അനര്‍ഹരായവരെ കണ്ടെത്താനാണ് തീരുമാനം. അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുഴുവന്‍ മഞ്ഞ ,പിങ്ക് കാര്‍ഡ് ഉടമകളും ജൂലായ് 18 നകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ചെന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങി നിയമനടപടികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങിയ സ്‌ക്വാഡ് വീടുകളില്‍ നേരിട്ട് ചെന്ന് കാര്‍ഡ് പിടിച്ചെടുക്കുന്നതും നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ.ശശിധരന്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും 18 നകം ആധാറുമായി ബന്ധിപ്പിക്കണം

ജില്ലയിലെ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള പ്രതിമാസ റേഷന്‍ വിഹിതം, പി എം ജി കെ എ വൈ സൗജന്യറേഷന്‍ എന്നിവ പൂര്‍ണമായും ആധാര്‍ അടിസ്ഥാനമാക്കിയതിനാല്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ മുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അിറയിച്ചു. നിലവില്‍ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ രേഖപ്പെടുത്താത്തവര്‍ ജൂലായ് 18 നകം റേഷന്‍ കടകള്‍, അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ കാര്‍ഡുമായിയെത്തി് റേഷന്‍കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈഓഫീസര്‍ അറിയിച്ചു. ശാരീരിക വൈകല്യം / അസുഖം കാരണം ബുദ്ധിമുട്ട് നേരിടുന്നവര്‍ ഒഴികെ ഉള്ള മുഴുവന്‍ ആധാര്‍ ബന്ധിപ്പിക്കാത്തവരെയും ഒരു മുന്നറിയിപ്പും കൂടാതെ റേഷന്‍ കാര്‍ഡില്‍ നിന്നും നീക്കം ചെയ്യും. ആധാര്‍ ബന്ധിപ്പിക്കാത്തവരുടെ വിവരങ്ങള്‍ അതത് റേഷന്‍ കടകളില്‍ ലഭ്യമാണ്.

സംശയങ്ങള്‍ക്ക് വിളിക്കാം കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് – 04994 230108/ 9188527412,ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസ് – 04672204044/ 9188527413, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് – 04998240089 / 9188527415,വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ് 04672242720 / 9188527414

ഭക്ഷണം പാര്‍സലായി മാത്രമേ നല്‍കാവു

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കു ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും ഹോട്ടല്‍, റസ്റ്റോറന്റ്, തട്ടുകട, എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണം പാര്‍സലായി മാത്രമേ നല്കാവൂ. നിര്‍ദ്ദേശം ലംഘിക്കുന്ന കടയുടമകള്‍ക്കെതിരെ സ്ഥാപനം അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

Related Topics

Share this story