Times Kerala

എയിംസില്‍ യുവാവ് ഡോക്ടറായി വിലസിയത് അഞ്ചു മാസം; വൈദ്യശാസ്ത്രത്തിലെ വ്യാജന്‍റെ അറിവ് കേട്ട് ഞെട്ടി പോലീസ്

 

ന്യുഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്‌നാന്‍ ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്‍ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കായി എയിംസില്‍ എത്തിയ ഖുറം ചികിത്സ വേഗത്തിലാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയെന്നാണ് പോലീസ് പറയുന്നത്. എന്തായാലും വൈദ്യശാസ്ത്രത്തിലെ ഖുറമിന്റെ അറിവ് പോലീസിനെ പോലും അമ്പരപ്പിച്ചു കളഞ്ഞു. എയിംസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ ഇയാള്‍ക്ക് മനഃപ്പാഠമായിരുന്നു. ഡോക്ടര്‍മാര്‍ക്കു മാത്രം വിതരണം ചെയ്യുന്ന ഡയറിയും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.

ജാമിയ നഗറിലെ ബട്‌ല ഹൗസിലാണ് ഖുറം താമസിച്ചിരുന്നത്. എയിംസിലെ ഡോക്ടര്‍മാക്കും സുഹൃത്തുക്കള്‍ക്കും വ്യാജ പേരും വിലാസവുമാണ് ഖുറം നല്‍കിയിരുന്നത്. ലാബ് കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ച് ഏതു സമയവും ആശുപത്രിയിലെ വാര്‍ഡുകളില്‍ കൂടി കറങ്ങിനടക്കുകയായിരുന്നു ഖുറം. അന്വേഷിക്കുന്നവരോട് താന്‍ ജൂനിയര്‍ ഡോക്ടര്‍ ആണെന്നും അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണെന്നൊക്കെയാണ് ഖുറം മറുപടി നല്‍കിയിരുന്നത്. വാട്‌സ്ആപ് ഗ്രൂപ്പുകളിലും സജീവമായിരുന്നു. കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കളും ഒത്തുള്ള ചിത്രങ്ങളുമുണ്ട്. എന്നാല്‍ ശനിയാഴ്ച നടന്ന ഡോക്ടര്‍മാരുടെ മാരത്തണില്‍ ചില ഡോക്ടര്‍ക്കു തോന്നിയ സംശയം ഖുറമിന്റെ നാടകം മുഴുവന്‍ പൊളിച്ചുകളഞ്ഞു. ഡോക്ടര്‍മാരുടെ ചോദ്യത്തോട് പരസ്പര വിരുദ്ധമായി പ്രതികരിച്ച് ഖുറമിനെ അവര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എയിംസില്‍ 2000 ഓളം റസിഡന്റ് ഡോക്ടര്‍മാരുണ്ട്. ഇവരില്‍ പലര്‍ക്കും തമ്മില്‍ പരിചയം പോലുമില്ല. ഈ സാഹചര്യമാണ് ഖുറം മുതലെടുത്തത്. ഖറുമിനെതിരെ ഐ.പി.സി സെക്ഷന്‍ 419, 468 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Related Topics

Share this story