Times Kerala

മരിച്ചെന്ന് കരുതി മഹസര്‍ വരെ തയാറാക്കി; ഇന്‍ക്വസ്റ്റിന് ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫർക്കു ഒരു സംശയം; യുവാവിന് കിട്ടിയത് പുതുജീവൻ; ആലുവയിൽ നടന്ന സംഭവം ഇങ്ങനെ…

 

ആലുവ: മരിച്ചെന്നു കരുതി മൃതദേഹത്തിന്റെ മഹസർ തയാറാക്കി. തുടർന്ന് ഇൻക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫർക്കു തോന്നിയ ഒരു ചെറിയ സംശയം യുവാവിനു നൽകിയതു ഒരു പുതുജീവൻ. മൃതദേഹം മോർച്ചറിയിലേക്കു മാറ്റാൻ ആംബുലൻസുമായി എത്തിയ പൊലീസ് തുടർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. കാഷ്‌ലെസ് ഇൻഷുറൻസ് സൗകര്യം ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതിക്കൊടുത്ത ശേഷം അവിടെ നിന്ന് ഇറങ്ങിയ പാലക്കാട് സ്വദേശി ഇപ്പോൾ എവിടെയെന്നു വ്യക്തമല്ല. തൃക്കാക്കരയിലെ ആശുപത്രിയിലേക്കു പോകുന്നു എന്നാണ് ഫൊറൻസിക് വിഭാഗം ഡോക്ടറോടു പറഞ്ഞത്. എന്നാൽ, അവിടെ എത്തിയിട്ടില്ല.

കുപ്പിവെള്ള നിർമാണ കമ്പനിയിൽ ഡ്രൈവറായ ഇദ്ദേഹം എടത്തല ആനക്കുഴിയിൽ ഒരു വീടിനോടു ചേർന്നുള്ള മുറി വാടകയ്ക്കെടുത്താണു താമസിച്ചിരുന്നത്. 2 ദിവസം ആളെ പുറത്തു കാണാതിരുന്നതിനെ തുടർന്നു കെട്ടിടം ഉടമ നോക്കിയപ്പോൾ വാതിൽ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. ഏറെനേരം തട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഒടുവിൽ നാട്ടുകാരെ വിളിച്ചുകൂട്ടി വാതിൽ ചവിട്ടിത്തുറന്നു. മര‌ക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ്.

കെട്ടിട ഉടമ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി. മരണം ‘സ്ഥിരീകരിച്ച’തിനാൽ ഇൻക്വസ്റ്റ് തയാറാക്കാനുള്ള നടപടി തുടങ്ങി. ഫൊട്ടോഗ്രഫറെ പൊലീസ് തന്നെ കൊണ്ടുവന്നിരുന്നു. കമഴ്ന്നു കിടന്ന ശരീരം ചിത്രങ്ങൾ പകർത്താൻ നിവർത്തി കിടത്തിയപ്പോഴാണ് ജീവൻ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നു സംശയം തോന്നിയത്. കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. മദ്യപിച്ച് അവശനിലയിൽ ആയതാണെന്നാണു നിഗമനം.

Related Topics

Share this story