Times Kerala

സ്വപ്നക്കും സരിത്തിനും പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ള രണ്ടുപേർ.? അന്വേഷണം വ്യാപിപ്പിച്ച്‌ കസ്റ്റംസ്

 
സ്വപ്നക്കും സരിത്തിനും പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ള രണ്ടുപേർ.? അന്വേഷണം വ്യാപിപ്പിച്ച്‌ കസ്റ്റംസ്

തിരുവനന്തപുരം : അന്തരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ അന്വേഷണം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച്‌ കസ്റ്റംസ്. കേസിലെ മുഖ്യപ്രതികളായ സരിത്തോ സ്വപ്നയോ സ്വര്‍ണം വാങ്ങാന്‍ സ്വന്തം പണം ഉപയോഗിച്ചിട്ടില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ സ്വര്‍ണക്കടത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിലേക്ക് കസ്റ്റംസ്സ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇരുവരുടെയും പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള രണ്ടു പേരാണെന്ന് കസ്റ്റംസ് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

കേസിലെ മുഖ്യ ആസൂത്രകയായ തിരുവനന്തപുരം സ്വദേശി സ്വപ്ന സുരേഷിനെ കണ്ടെത്താൻ വല വിരിച്ചു കസ്റ്റംസ് സംഘം. അതേസമയം, അന്വേഷണത്തിന് പോലീസിന്റെ സഹായം ആവശ്യപ്പെടില്ലെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്.പോലീസിന്റെ സഹായം കസ്റ്റംസ് തേടുന്നത് ക്രിമിനൽസ്വഭാവമുള്ള പ്രതികളെ പിടികൂടുമ്പോഴും പ്രാദേശികമായി റെയ്ഡ് നടത്തുമ്പോഴും മാത്രമാണെന്നും അവർ വ്യക്തമാക്കുന്നു. സ്വപ്ന കേരളം വിട്ടിട്ടില്ലെന്നാണ് കസ്റ്റംസിന്റെ നിഗമനം.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുപുറത്തേക്ക് കടക്കാനുള്ള സാധ്യത കുറവാണ്. കസ്റ്റംസിന്റെ രഹസ്യാന്വേഷണവിഭാഗം ഇവരുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് സമാന്തരമായും അന്വേഷിക്കുന്നുണ്ട്.അതേസമയം, സ്വപ്ന മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായും സൂചനയുണ്ട്. സ്വപ്നയുടെ അഭിഭാഷകൻ ഓൺലൈനായി ജാമ്യഅപേക്ഷ നൽകിയതായാണ് റിപ്പോർട്ട്.അതിനിടെ, തന്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് സ്വപ്ന ഒളിവിൽ തന്നെ കഴിയാൻ സാധ്യതയുള്ളതിനാൽ ഇവരെ കണ്ടെത്താനായി കോഫെപോസ ചുമത്താൻ സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.

Related Topics

Share this story