Times Kerala

പൂന്തുറയിൽ കോവിഡ് ‘സൂപ്പർ സ്‌പ്രെഡ്‌’; കേരളത്തിൽ ഇതാദ്യം

 
പൂന്തുറയിൽ കോവിഡ് ‘സൂപ്പർ സ്‌പ്രെഡ്‌’; കേരളത്തിൽ ഇതാദ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പൂന്തുറയിൽ കൊവിഡ് ‘സൂപ്പര്‍ സ്പ്രെഡ് എന്ന്’ സ്ഥിരീകരണം. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു മേഖലയിൽ കോവിഡിന്റെ അതി തീവ്ര വ്യാപനം സർക്കാർ സ്ഥിരീകരിക്കുന്നത്. രാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് രോഗ ബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പര്‍ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. മത്സ്യതൊഴിലാളികൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ . അതിവേഗം രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നാണ് പൊലീസ് നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പത് കുട്ടികൾക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്. നഗരത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന് പുറമേ പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചു. മേഖലയില്‍ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാൻ പൊലീസ് കമാൻഡ‍ോകളെ രം​ഗത്തിറക്കി. ചൊവ്വാഴ്ച മാത്രം പൂന്തുറയില്‍ 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവര്ക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്.കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായാതായാണ് വിവരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടന്‍ സമീപത്തെ ആശുപത്രികളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അനൗൺസ്മെന്‍റ് നടത്തുകയാണ്. അവശ്യസാധനങ്ങള്‍ രണ്ട്, മൂന്ന് ദിവസങ്ങളിലേക്ക് ശേഖരിക്കണമെന്ന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്ക്‌റേ അറിയിച്ചു. രാവിലെ ഏഴ് മുതൽ 11 മണി വരെയാണ് കടകൾ തുറക്കുക. അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഒഴികെ ആരും പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. പൂന്തുറയില്‍ രോഗം ബാധിച്ചവരിൽ ഏറെയും മത്സ്യകച്ചവടക്കാരാണ്.

Related Topics

Share this story