Times Kerala

സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണൻ: നവയുഗം

 
സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണൻ: നവയുഗം

ദമ്മാം: ചലച്ചിത്ര ഗാനരചയിതാവും, എഴുത്തുകാരനും, ഇപ്റ്റ മുന്‍ ദേശീയ വൈസ്പ്രസിഡന്റും, സി.പി.ഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ സംഘടനാപ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹം, പോസ്റ്റ് ഗ്രാജുവേഷൻ പാസ്സായി, ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ജോലിക്ക് കയറിയ ശേഷം ജോയിന്റ് കൗണ്‍സിലിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സര്‍വീസ് മാസികയായ ‘കേരള സര്‍വ്വീസ്’ന്റെ ആദ്യപത്രാധിപരായിരുന്നു അദ്ദേഹം. സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി റിട്ടയര്‍ ചെയ്ത അദ്ദേഹം, അവിടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും .പ്രവര്‍ത്തിച്ചു. ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ജന. സെക്രട്ടറി, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, യുവകലാസാഹിതി പ്രസിഡന്റ്, ‘ഇസ്‌ക്കഫ്’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളിലൂടെ കേരളത്തിലെ സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉയരുന്ന മാറ്റൊലികൾ, ഞാറപ്പഴങ്ങൾ, മുത്തുകൾ, തുടി, വൃശ്ചികക്കാറ്റ്‌ എന്നീ കവിതാസമാഹാരങ്ങളും, റോസാപ്പൂക്കളുടെ നാട്ടിൽ എന്ന യാത്രാവിവരണഗ്രന്ഥവും, പ്രതിരൂപങ്ങളുടെ സംഗീതം എന്ന ചലച്ചിത്രപഠനഗ്രന്ഥവും, ജി.ദേവരാജൻ: സംഗീതത്തിന്റെ രാജശില്പി എന്ന ജീവചരിത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. സംഗീതത്തിലും നല്ല അഭിരുചി ഉണ്ടായിരുന്ന അദ്ദേഹം, ആറു സിനിമകളിലായി പതിനഞ്ചോളം സിനിമഗാനങ്ങളും രചിച്ചിട്ടുണ്ട്. ദേവരാജൻ, എം.ബി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരായ സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2006 ലെ അബുദാബി ശക്തി അവാർഡ് ഉൾപ്പെടെ പല പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക മേഖലയ്ക്കും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായി നവയുഗം വായനവേദി അനുശോചനസന്ദേശത്തിൽ അറിയിച്ചു.

Related Topics

Share this story