Nature

ചൈന താല്‍ക്കാലിക നിര്‍മിതികള്‍ പൊളിച്ചു മാറ്റി; അതിര്‍ത്തിയിലെ സേന പിന്‍മാറ്റം വേഗത്തിലാക്കും

ന്യൂഡൽഹി: അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം വേഗത്തിലാക്കാന്‍ ഇന്ത്യ– ചൈന ധാരണ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. എല്‍.എ.സിയില്‍ ഏകപക്ഷീയമായ മാറ്റത്തിന് ശ്രമിക്കില്ലെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. അതിനിടെ അതിര്‍ത്തിയിലെ സേന പിന്മാറ്റത്തിന് ചൈന നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗല്‍വാനിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം രണ്ടു കിലോ മീറ്ററോളം പിന്നോട്ടുപോയി. താല്‍ക്കാലിക നിര്‍മിതികളും പൊളിച്ചു നീക്കി. ധാരണകള്‍ നേരത്തെ ചൈന ലംഘിച്ച അനുഭവമുള്ളതിനാല്‍ കരുതലോടെയാണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്. തര്‍ക്ക പരിഹാരത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും.

ജൂണ്‍ 30ന് കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയ്ക്ക് അനുസരിച്ച് ചൈന പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് സൂചന. ഗല്‍വാനില്‍ രണ്ടു കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്നോട്ടു പോയതായാണ് റിപ്പോര്‍ട്ട്. ടെന്‍ഡുകള്‍ അടക്കം താല്‍ക്കാലിക നിര്‍മാണങ്ങളും പൊളിച്ചു നീക്കി. എന്നാല്‍ വന്‍ സൈനിക വാഹനങ്ങള്‍ ഇപ്പോഴും നിലയുറപ്പിച്ച സ്ഥലത്തു തന്നെ തുടരുകയാണ്. ഹോട്സ്പ്രിങ്സ്, ഗോഗ്ര എന്നീ പോയിന്‍റുകളിലും ചൈനീസ് സൈന്യം പിന്‍മാറ്റത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.

ഇരുവിഭാഗവും പിന്‍മാറിയശേഷം അതിര്‍ത്തിയില്‍ തര്‍ക്കരഹിത ബഫര്‍ സോണുണ്ടാക്കി സമാധാന ചര്‍ച്ച നടത്തുക എന്നതാണ് നിലവിലെ ധാരണ. സംഘര്‍ഷം ലഘൂകരിക്കുക, യഥാര്‍ഥ നിയന്ത്രണ രേഖ മാനിക്കുക എന്നിവയാണ് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയുടെ കേന്ദ്ര ബിന്ദു. തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് സ്റ്റേറ്റ് കൗണ്‍സലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയുമായി ആശയവിനിമയം നടത്തും.

സംഘര്‍ഷാവസ്ഥ ഉടന്‍ അവസാനിക്കില്ലെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. ചൈനീസ് സൈന്യം പിന്മാറിയാലും ഇന്ത്യ കാവല്‍ തുടരും. ആയുധങ്ങളും കൂടുതല്‍ സൈനികരെയും എത്തിച്ചിരുന്നു. നീരിക്ഷണം തുടരാന്‍ സൈനികര്‍ക്ക് അതിശൈത്യം നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ വാങ്ങും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.