Times Kerala

പത്തനംതിട്ടയിൽ ക്വാറന്റീന്‍ ലംഘിച്ച് റോഡിലിറങ്ങിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി; റിയാദിൽ നിന്നും വന്ന യുവാവ് പുറത്തിറങ്ങിയത് മാസ്ക് പോലും ധരിക്കാതെ

 
പത്തനംതിട്ടയിൽ ക്വാറന്റീന്‍ ലംഘിച്ച് റോഡിലിറങ്ങിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി; റിയാദിൽ നിന്നും വന്ന യുവാവ് പുറത്തിറങ്ങിയത് മാസ്ക് പോലും ധരിക്കാതെ

പത്തനംതിട്ട : റിയാദിൽ നിന്നും പത്തനംതിട്ടയിലെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയവേ നിർദ്ദേശങ്ങൾ ലംഘിച്ചു നഗരത്തില്‍ ഇറങ്ങിയ യുവാവിനെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. മൂന്നുദിവസം മുൻപ് റിയാദില്‍ നിന്നും നാട്ടിലെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു യുവാവ് മാസ്‌ക് പോലും ധരിക്കാതെയാണ് നഗരത്തില്‍ കറങ്ങിയത്.മാസ്‌ക് പോലും ധരിക്കാതെ ഒരാള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ വിദേശത്ത് നിന്നും വന്നതാണെന്നും ഹോം ക്വാറന്റീനില്‍ കഴിയുന്നയാളാണെന്നും വ്യക്തമായത്.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇതിനിടെ പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ ശ്രമിച്ചു. തുടർന്ന് യുവാവ് ഇവരുടെ കയ്യിൽ നിന്നും കുതറി മാറി ഓടുകയായിരുന്നു. തുടർന്ന് പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് നഗരത്തിലെ റോഡില്‍ വെച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. കയ്യും കാലും കൂട്ടിക്കെട്ടി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യയുമായി വഴക്കിട്ടാണ് ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയതെന്നാണ് അറിയുന്നത്.

Related Topics

Share this story