Times Kerala

നാളികേര മേഖലയിലെ സംരംഭകര്‍ക്ക് സാങ്കേതിക സഹായവുമായി കെഎസ് യുഎം-സിപിസിആര്‍ഐ സഹകരണം

 
നാളികേര മേഖലയിലെ സംരംഭകര്‍ക്ക് സാങ്കേതിക സഹായവുമായി കെഎസ് യുഎം-സിപിസിആര്‍ഐ സഹകരണം

തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ സഹായത്തോടെ നാളികേര കൃഷിയും വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍റെ ( സി.പി.സി.ആര്‍.ഐ) കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററും ചേര്‍ന്ന് “യവ” എന്ന പേരില്‍ ഓണ്‍ലൈന്‍ ചാറ്റ് സീരീസ് ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന കല്പ ഗ്രീന്‍ വെബ്ചാറ്റിന്‍റെ തുടര്‍ച്ചയായാണ് “യവ” ആരംഭിക്കുന്നത്. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെക്കുറിച്ചാണ് പരമ്പര.

ശനിയാഴ്ച ആരംഭിച്ച ഈ പരിപാടി തുടര്‍ന്നുള്ള മൂന്നു ശനിയാഴ്ചകളിലും ഉണ്ടായിരിക്കും. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ. കെ മുരളീധരന്‍ ക്ലാസ് കൈകാര്യം ചെയ്യും. സംശയ ദൂരീകരണത്തിനും പൊതു ചര്‍ച്ചക്കുമായി ഡോ അനിതകുമാരി. പി, ഡോ എം ആര്‍ മണികണ്ഠന്‍, ഡോ മുരളി ഗോപാല്‍, ഡോ ഷമീന ബീഗം പി.പി എന്നിവര്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപീകരിച്ചിട്ടുണ്ട്.

നിലവില്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചു വിശദീകരിക്കാനും സംശയ നിവാരണത്തിനുമായി ലീഡ് ബാങ്ക് മാനേജര്‍ ശ്രീ കെ കണ്ണനും പാനലിലുണ്ടായിരിക്കും. കൂടാതെ ബിസിനസ് കണ്‍സല്‍ട്ടന്‍റ് ശ്രീ ജയരാജ് പി നായര്‍, ശ്രീ യോഗ നരസിംഹ ഇന്‍റര്‍നാഷണല്‍ സ്ഥാപക ശ്രീമതി പവിത്ര എസ് എന്നിവരുടെ അനുഭവ വിവരണവും ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.cpcriagribiz.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

Related Topics

Share this story