Times Kerala

മേക്കപ്പ് സാധനങ്ങള്‍ കേടു വരാതെ സൂക്ഷിക്കാം

 
മേക്കപ്പ് സാധനങ്ങള്‍ കേടു വരാതെ സൂക്ഷിക്കാം

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ മാത്രമേ അവ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുകയുള്ളൂ. അല്ലെങ്കില്‍ എക്‌സ്പയറി ഡേറ്റ് കഴിയുന്നതിനു മുന്‍പ് ഇവ കേടായിപ്പോയെന്നും വരാം. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.

പ്രധാന കാര്യം ഇവയെപ്പോഴും അടച്ചു സൂക്ഷിയ്ക്കുക എന്നതാണ്. വായു കടക്കുന്നത് ഇത്തരം മേക്കപ്പ് വസ്തുക്കള്‍ കേടാകാന്‍ ഇട വരുത്തും. ഇത് മുഖസൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, ഷാംപൂ, കണ്ടീഷണര്‍ എന്നിവയും ഈ രീതിയി്ല്‍ സൂക്ഷിയ്ക്കുന്നതാണ് നല്ലത്. പെര്‍ഫ്യൂം പോലുള്ളവ അധികം ചൂടു തട്ടാത്ത സ്ഥലത്തു വേണം സൂക്ഷിയ്ക്കുവാന്‍.

ചില കോസ്‌മെറ്റികുകള്‍ കേടായാലും നിങ്ങള്‍ക്ക് തന്നെ ചില ചെറിയ പൊടിക്കൈകകള്‍ പരീക്ഷിക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന് നെയില്‍ പോളിഷ് കട്ടി പിടിച്ചാല്‍ ഇതില്‍ അല്‍പം തിന്നര്‍ ഒഴിയ്ക്കുക. മോയിസ്ചറൈസറിനൊപ്പം അല്‍പം ബ്രോണ്‍സര്‍ ചേര്‍ത്ത് ഷിമ്മറായി ഉപയോഗിക്കാം. ഇത്തരം കാര്യങ്ങള്‍ കോസ്‌മെറ്റിക്കുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.

മേക്കപ്പ് സാധനങ്ങളില്‍ പഞ്ഞി മുക്കി ഉപയോഗിക്കുന്നതിന് പകരം കോട്ടന്‍ തുണികള്‍ ഉപയോഗിക്കുക. പഞ്ഞി കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വലിച്ചെടുക്കും. പഞ്ഞിയേക്കാള്‍ കോട്ടന്‍ തുണികള്‍ പലതവണ ഉപയോഗിക്കാമെന്ന ഗുണം കൂടിയുണ്ട്.

ഫ്രിഡ്ജില്‍ മേക്കപ്പ് സാധനങ്ങള്‍ വയ്ക്കുന്നത് ഇവയുടെ ആയുസ് നീട്ടും. നെയില്‍ പോളിഷ്, പെര്‍ഫ്യൂം തുടങ്ങിയവ ഇത്തരത്തില്‍ സൂക്ഷിക്കാവുന്ന സാധനങ്ങളാണ്. ഇവ നല്ലപോലെ അടച്ചു സൂക്ഷിക്കണമെന്നു മാത്രം.

റബിംഗ് ആള്‍ക്കഹോള്‍ എന്ന ഒരിനം വാങ്ങാന്‍ സാധിക്കും. ഇതും ഒരിനം ആല്‍ക്കഹോള്‍ തന്നെ. ഇത് മേക്കപ്പ് സാധനങ്ങളില്‍ ഒന്നോ രണ്ടോ തുള്ളി ചേര്‍ത്താല്‍ ഇവ ദീര്‍ഘകാലം ഉപയോഗിക്കുകയുമാകാം.

മേക്കപ്പ് ബ്രഷുകള്‍ ആവശ്യം കഴിഞ്ഞാലുടനെ കഴുകി ഉണക്കി സൂക്ഷിയ്ക്കണം. മേക്കപ്പ് സാധനങ്ങള്‍ ഇതില്‍ തന്നെ ഉണങ്ങിപ്പിടിച്ചിരിക്കുന്നത് ബ്രഷ് കേടാക്കും.

Related Topics

Share this story