Times Kerala

സപ്ലൈകോ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി പി തിലോത്തമന്‍

 
സപ്ലൈകോ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി പി തിലോത്തമന്‍

കൊല്ലം :  ആധുനിക കച്ചവടരീതികള്‍ പരീക്ഷിക്കുന്നത്തിന്റെ ഭാഗമായി സപ്ലൈകോ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്തി പി തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പുത്തന്‍കുളത്തെ പുതിയ ഔട്ട്‌ലെറ്റ്, പാലത്തറ എന്‍ എസ് ഹോസ്പിറ്റലിന് സമീപത്തെ നവീകരിച്ച ഔട്ട്‌ലെറ്റ് എന്നിവ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ സ്വയം തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സപ്ലൈകോ ഔട്ട്ലെറ്റുകള്‍ നവീകരിച്ചത്. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍, പീപ്പിള്‍ ബസാറുകള്‍ എന്നിങ്ങനെയായി 1500 സപ്ലൈകോ ഔട്ട്ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് 87.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഗുണമേന്മയുള്ള 17 വിഭവങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ സപ്ലൈകോ വഴി നല്‍കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണ വിതരണം ചെയ്യുന്നതിന്റെ ഇരട്ടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോയുടെ സഹായത്തോടെ വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് അവശേഷിക്കുന്ന 14 പഞ്ചായത്തുകളിലും സമയബന്ധിതമായി സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലയ്ക്കോട് സര്‍വീസ് സഹകരണ ബാങ്ക് പുത്തന്‍കുളം ബ്രാഞ്ച് കെട്ടിടത്തിലെ ഔട്ട്ലെറ്റിന് മുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി.
പാലത്തറ എന്‍ എസ് സഹകരണ ആശുപത്രിയ്ക്ക് സമീപം ആരംഭിച്ച സപ്ലൈകോ ഔട്ട്ലെറ്റ്  ഉദ്ഘാടന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ യും അധ്യക്ഷനായി.
പാലത്തറയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യ വില്‍പ്പന നടത്തി. എന്‍ എസ് സഹകരണ ആശുപത്രി പ്രസിഡന്റും മുന്‍ എം പി യുമായ പി രാജേന്ദ്രന്‍, സപ്ലൈകോ അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ എസ് ഷീബ, സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് ജി ബിജുകുമാരകുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുത്തന്‍കുളത്ത് നടന്ന ചടങ്ങില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ വി എസ് ലീ, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ജോയി, കലയ്ക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് സുഭാഷ്, സപ്ലൈകോ കൊല്ലം ഡിപ്പോ മാനേജര്‍ ജി എസ് ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

Related Topics

Share this story