Times Kerala

രോഗികള്‍ക്ക് ആശ്വാസമായി അഴിയൂരിലെ പാലിയേറ്റീവ് പ്രവര്‍ത്തനം

 
രോഗികള്‍ക്ക് ആശ്വാസമായി അഴിയൂരിലെ പാലിയേറ്റീവ് പ്രവര്‍ത്തനം

കോഴിക്കോട് :  അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനം രോഗികള്‍ക്ക് ആശ്വാസമാകുന്നു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം മുഖേനയാണ് പ്രവര്‍ത്തനം. അന്‍പതിനായിരം രൂപ മരുന്നിനായും നീക്കിവെച്ചിട്ടുണ്ട്. കിടപ്പിലായ 140 രോഗികള്‍ക്ക് പദ്ധതിയിലൂടെ ആശ്വാസം ലഭിക്കുന്നു.

നേഴ്‌സ്, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന ടീം ആഴ്ചയില്‍ നാലു തവണ വീടുകളില്‍ പോയി സാന്ത്വനപരിചരണം നടത്തുന്നു. ഇതിനായി പ്രത്യേക വാഹനസൗകര്യം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ ഒരുതവണ സെക്കന്‍ഡറി തലത്തിലുള്ള പരിചരണവും രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിയും നല്‍കും. 76 പുരുഷന്മാര്‍ക്കും എട്ട് കുട്ടികള്‍ക്കും 56 സ്ത്രീകള്‍ക്കും ചികിത്സ നല്‍കുന്നു. 60 വയസ്സു കഴിഞ്ഞ 117 പേരുണ്ട്. പതിനൊന്നു പേര്‍ 60 വയസ്സിന് താഴെയുള്ളവരാണ്.

വാര്‍ധക്യസഹജമായ രോഗങ്ങള്‍, കാന്‍സര്‍, കിഡ്‌നി അസുഖം, ഹൃദ്രോഗം, പക്ഷാഘാതം വന്ന് കൈകാല്‍ തളര്‍ന്നവര്‍ (പാരാപ്ലേജിയ, ഹെമി പ്ലേജിയ), കുടലിന്റെ കാന്‍സര്‍ കാരണം കൊളോസ്റ്റമി ചെയ്തവര്‍ തുടങ്ങിയ അസുഖങ്ങളുള്ളവരാണ് രോഗികള്‍. 13 പേര്‍ ഡയാലിസിസിന് വിധേയരാകുന്നുമുണ്ട്.

ലോക് ഡൗണ്‍ കാലത്ത് സന്നദ്ധസംഘടനകളുടെ സഹായത്തോടെ എല്ലാവര്‍ക്കും ഭക്ഷണ കിറ്റ് നല്‍കിയിരുന്നു. വാട്ടര്‍ബെഡ്, വീല്‍ചെയര്‍ വാക്കിംഗ് സ്റ്റിക്ക് എന്നീ സൗകര്യങ്ങളും രോഗികള്‍ക്ക് നല്‍കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ ആഴ്ചയില്‍ നാലുദിവസമാണ് ഹോംകെയര്‍ നല്‍കുന്നത്. പദ്ധതി ആരംഭിക്കുമ്പോള്‍ ആഴ്ചയില്‍ ഒരു ദിവസമായിരുന്നു സേവനം. ഡോ.അബ്ദുല്‍ നസീറാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, ഡയാലിസിസ് രോഗികള്‍ക്കുള്ള ഇന്‍ജെക്ഷന്‍ എന്നിവ വാങ്ങി നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് 9496048103ല്‍ ബന്ധപ്പെടാം.

Related Topics

Share this story