Times Kerala

പരിസ്ഥിതി പുനരുദ്ധാരണം: വനം വകുപ്പിന്റെ സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി

 
പരിസ്ഥിതി പുനരുദ്ധാരണം: വനം വകുപ്പിന്റെ സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി

തൃശ്ശൂർ:  സംസ്ഥാന വനം വകുപ്പിന്റെ പരിസ്ഥിതി പുനരുദ്ധാരണ സംസ്ഥാന തല പദ്ധതി തൃശൂർ വനം ഡിവിഷനു കീഴിലെ പൂങ്ങോട് കൊറ്റമ്പത്തൂർ വനത്തിൽ അത്തിക്കച്ചാലിൽ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി റേഞ്ചിൽപ്പെട്ട ഈ വനമേഖലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിക്ക് പാട്ടത്തിന് നൽകിയിരുന്ന വനഭൂമി തിരിച്ചെടുത്താണ് പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 475 ഹെക്ടർ തിരിച്ചെടുത്തതിൽ ആദ്യ ഘട്ടത്തിൽ 10 ഹെക്ടറിലാണ് ഫലവൃക്ഷത്തൈകൾ ഉൾപ്പെടെ നടുന്നത്. പദ്ധതി അടുത്ത ഘട്ടത്തിൽ വ്യാപിപ്പിക്കും.
ഇവിടെ കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വനം വകുപ്പ് ഉദോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചിരുന്നു. ഇവരുടെ സ്മരണ നിലനിർത്താൻ വേണ്ടത് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കാട്ടുതീയെതുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി വനഭൂമിക്ക് ആവശ്യമായ സംരക്ഷണവും നിരീക്ഷണവും നൽകുന്നില്ലെന്ന് ബോധ്യമായത്. തുടർന്ന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിക്ക് സംസ്ഥാനത്ത് പാട്ടവ്യവസ്ഥയിൽ നൽകിയ 3032 ഹെക്ടർ വനഭൂമി സർക്കാർ തിരിച്ചെടുത്തു. പ്ലാന്റേഷൻ തോട്ടങ്ങളിൽ അക്കേഷ്യയും യൂക്കാലിക്കയും മാഞ്ചിയവും പോലുള്ള മരങ്ങൾ വെട്ടിക്കളഞ്ഞ് പകരം ഞാവൽ, പ്ലാവ്, മാവ്, തേക്ക്, മഹാഗണി, താന്നി തുടങ്ങിയ മരങ്ങൾ നടാനാണ് ഉദ്ദേശിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി അത്തിക്കച്ചാലിൽ മന്ത്രിയും ചടങ്ങിൽ പങ്കെടുത്തവരും പ്ലാവിൻ തൈകൾ നട്ടു.
യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത്‌ലാൽ, വൈസ് പ്രസിഡൻറ് പി.പി. സുനിത, ജില്ലാ പഞ്ചായത്ത് അംഗം കെ.പി രാധാകൃഷ്ണൻ, വനം വകുപ്പ് മേധാവി പി.കെ കേശവൻ, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം ശാലിനി വിനോദ്, മറ്റ് ജനപ്രതിനിധികളായ അബ്ദുൽ റസാഖ്, കെ.കെ. ബാബു, സി.ആർ ഗീത, ബിന്ദു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. സിസിഎഫ് പ്രമോദ് ജി കൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

Related Topics

Share this story