Times Kerala

കോഴഞ്ചേരി താലൂക്ക് തല മോക് ഡ്രില്‍ സംഘടിപ്പിച്ചു ‘ആറന്മുള സത്രക്കടവില്‍ വള്ളം മറിഞ്ഞു: മൂന്നുപേരെ രക്ഷപ്പെടുത്തി’

 
കോഴഞ്ചേരി താലൂക്ക് തല മോക് ഡ്രില്‍ സംഘടിപ്പിച്ചു ‘ആറന്മുള സത്രക്കടവില്‍ വള്ളം മറിഞ്ഞു: മൂന്നുപേരെ രക്ഷപ്പെടുത്തി’

പത്തനംതിട്ട : ആറന്മുള സത്രക്കടവില്‍ വള്ളം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ(ജൂലൈ-2) രാവിലെയായിരുന്നു വള്ളം മറിഞ്ഞതും അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തിയതും. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരില്‍ രണ്ടുപേരെ അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നു രക്ഷപ്പെടുത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വെള്ളത്തില്‍ മുങ്ങിപ്പോയ ഒരാളെ തെരച്ചിലില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആറന്മുള എഴിക്കാട് കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്ന നിരവധി ആളുകളെ രക്ഷിക്കുന്നതിനിടയിലാണ് സത്രക്കടവില്‍ വള്ളം മറിഞ്ഞെന്ന വിവരം ലഭിക്കുന്നത്. ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം റെസ്പോണ്‍സിബിള്‍ ഓഫീസര്‍ എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ സത്രക്കടവില്‍ മുങ്ങിപ്പോയ മൂന്നുപേരെയും കടവുകളില്‍ കുടുങ്ങിക്കിടന്നവരെയും എഴിക്കാട് കോളനിയില്‍ കുടുങ്ങിയ 410 പേരെയും രക്ഷിച്ചു.
വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ (ഐ.ആര്‍.എസ്) ഭാഗമായി കോഴഞ്ചേരി താലൂക്കിനു കീഴില്‍ ആറന്മുള ഗ്രാമപഞ്ചായത്തിലെ സത്രക്കടവിലും എഴിക്കാട് കോളനിയിലുമായി നടത്തിയ മോക്ഡ്രില്ലിലാണ് വെള്ളപ്പൊക്ക സാഹചര്യത്തിലെ രക്ഷാപ്രവര്‍ത്തനം സംഘടിപ്പിച്ചത്. രക്ഷപ്പെടുത്തിയവരെ ‘നാല് പുനരധിവാസ ക്യാമ്പുകളി’ലേക്ക് മാറ്റി. വിവിധ കടവുകളില്‍ കുടുങ്ങിക്കിടന്ന 60 വയസിനു താഴെയുള്ളവരെ ജനറല്‍ വിഭാഗത്തിലും 60 വയസിനു മുകളിലുള്ളവരെയും കോവിഡ് ലക്ഷണമുള്ളവരെയും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും പ്രത്യേക ക്യാമ്പുകളിലേക്കും മാറ്റി. പോലീസും ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും ആരോഗ്യപ്രവര്‍ത്തകരും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്നുനടത്തിയ ‘രക്ഷാപ്രവര്‍ത്തനം’ ആകാംക്ഷയോടെ ജനങ്ങള്‍ കണ്ടുനിന്നു.
വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സത്രക്കടവില്‍ നിന്ന് ഡിങ്കി ബോട്ടുകള്‍ ഇറക്കിയപ്പോള്‍ ആദ്യം നാട്ടുകാരില്‍ അമ്പരപ്പുണ്ടായി. മോക്ഡ്രില്‍ ആണെന്ന് അറിഞ്ഞതോടെ അത് എങ്ങനെയാണ് നടത്തുന്നതെന്ന ആകാംക്ഷയായിരുന്നു പലര്‍ക്കും. കോവിഡ് സാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ വെള്ളംപൊക്കം ഉണ്ടായാല്‍ എങ്ങനെയാകും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു മോക്ഡ്രില്‍.
ലൈഫ് ജാക്കറ്റുകള്‍, പി.പി ഇ കിറ്റുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍, മാസ്‌ക്, കൈയുറ എല്ലാം തയാറാക്കി രക്ഷാപ്രവര്‍ത്തനത്തിന് സര്‍വസജ്ജരായിരുന്നു ഉദ്യോഗസ്ഥര്‍. അഞ്ച് ആംബുലന്‍സ്, രണ്ടു ഡിങ്കി ബോട്ടുകള്‍, ഒരു കെഎസ്ആര്‍ടിസി ബസ്, ടിപ്പര്‍, ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ വെഹിക്കിള്‍, ഫയര്‍ ടെന്‍ഡര്‍, ഹാം റേഡിയോ എന്നിവ മോക്ഡ്രില്ലിന് ഉപയോഗിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയത് നാലുതരത്തിലായിരുന്നു. കോവിഡ് സാഹചര്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരെ ഒരു ക്യാമ്പിലേക്കും 10 നും 60നും ഇടയില്‍ പ്രായമുള്ളവരെ മറ്റൊരു ക്യാമ്പിലേക്കും റൂം ക്വാറന്റൈനിലുള്ളവരെയും കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും പ്രത്യേകം ക്യാമ്പുകളിലേക്ക് മാറ്റുന്ന രീതിയിലായിരുന്നു മോക്ഡ്രില്‍. സിവില്‍ ഡിഫന്‍സ് വോളന്റീയേഴ്‌സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്ന് 39 പേരുണ്ടായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് രണ്ടു സ്റ്റാഫ് നഴ്സും ഒരു നഴ്സിംഗ് അസിസിറ്റന്റും ഉള്‍പ്പെടെ മൂന്നു പേരുണ്ടായിരുന്നു. ഒരു സി.ഐ, നാല് എസ്.ഐ ഉള്‍പ്പെടെ 16 പോലീസ് ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലില്‍ പങ്കെടുത്തു.
വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ അവയെ എങ്ങനെ നേരിടണമെന്ന് മനസിലാക്കാനാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചതെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. മോക്ഡ്രില്‍ വിജയകരമായിരുന്നുവെന്നും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ആറന്മുള സത്രക്കടവില്‍ മോക്ഡ്രില്‍ നിരീക്ഷിച്ച എംഎല്‍എ പറഞ്ഞു.
എഡിഎം അലക്സ് പി. തോമസ്, ആറന്മുള ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വനാഥ്, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്തംഗങ്ങള്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.കെ. വേണു, എസ്.എച്ച്.ഒ ജി. സന്തോഷ്‌കുമാര്‍, ദുരന്തനിവാരണം, അഗ്‌നിശമനസേന, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Related Topics

Share this story