Times Kerala

കോവിഡ്-19 സാമ്പിളുകള്‍ എടുക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍

 
കോവിഡ്-19 സാമ്പിളുകള്‍ എടുക്കുന്നതിന് കൂടുതല്‍  സൗകര്യങ്ങള്‍

മലപ്പുറം:  കോവിഡ്-19 പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്രവ സാമ്പിളുകള്‍ എടുക്കുന്നതിന് കൂടുതല്‍ കേന്ദ്രങ്ങളില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി താലൂക്ക് ആശുപത്രികള്‍ (പൊന്നാനി ടി.ബി.ക്ലിനിക്ക്) എന്നിവിടങ്ങളിലാണ് സ്രവ സാമ്പിളുകള്‍ എടുക്കുന്നതിന് പുതുതായി സൗകര്യമൊരുക്കിയിട്ടുള്ളത്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ്, തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സാമ്പിളുകള്‍ എടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നത്.നിരീക്ഷണത്തിലുള്ളവരുടെയും പരിശോധന ആവശ്യമുള്ള വരുടെയും എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ആശുപത്രികളില്‍ സൗകര്യമൊരുക്കിയത്.
പുതിയ കേന്ദ്രങ്ങളിലേക്ക് നോഡല്‍ ഓഫീസര്‍മാരേയും ജീവനക്കാരേയും നിയോഗിക്കുകയും സാമ്പിളുകള്‍ എടുക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കി. കൂടാതെ 15 ആരോഗ്യ ബ്ലോക്കുകളുടെയും കീഴിലുള്ള ഒരു ആശുപത്രി വീതം സ്രവ സാമ്പിളുകള്‍ പരിശോധനക്ക് എടുക്കുന്നതിനാവശ്യമായ സൗകര്യവും ഒരുക്കി വരികയാണെന്ന് ഡി.എം.ഒ അറിയിച്ചു. കാളികാവ് സഫ ആശുപത്രി, മുട്ടിപ്പാലം സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും സ്രവസാമ്പിളുകള്‍ പരിശോധനക്കായി എടുക്കുന്നുണ്ട്.
പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുള്ള ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിന് ജില്ലയില്‍ നിന്നുള്ള പ്രത്യേക ടീം രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ശുകപുരം ആശുപത്രി, എടപ്പാള്‍ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് രക്ത സാമ്പിളുകള്‍ ശേഖരിച്ചത്. പൊന്നാനി ടി.ബി.ക്ലിനിക്ക്, മാറഞ്ചേരി, ആലങ്കോട്, വട്ടംകുളം, എടപ്പാള്‍ സാമൂഹ്യ/പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി എടുക്കും.
രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവര്‍, അവരുമായി ബന്ധപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് 500 പേരുടെയും ആശ പ്രവര്‍ത്തകര്‍, പൊലീസ്, ജനപ്രതിനിധികള്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്ന് 500 സാമ്പിളുകളും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് 250 പേരുടെ സാമ്പിളുകളും 60 വയസ് കഴിഞ്ഞ 250 പേരുടെ രക്തസാമ്പിളുകളും വരും ദിവസങ്ങളില്‍ പരിശോധനക്കെടുക്കും. ഇതുവരെ 681 പേരുടെ രക്തസാമ്പിളുകള്‍ എടുത്തുകഴിഞ്ഞു. 1,500 പേരുടെ രക്തസാമ്പിളുകളാണ് ശേഖരിച്ച് പരിശോധിക്കുക.
രോഗവ്യാപന സാധ്യത അറിയുന്നതിനായി 10,000 പേരുടെ ആന്റിജെന്‍ പരിശോധന നടത്തുന്നതിനുള്ള പ്രവര്‍ത്തനവും അടുത്ത ദിവസം തുടങ്ങും. അഞ്ച് വിഭാഗങ്ങളിലായാണ് 10,000 പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഒന്നാമത്തെ വിഭാഗത്തില്‍ കണ്ടൈന്‍മെന്റ് സോണിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. കണ്ടൈന്‍മെന്റ് സോണിലുള്ള രോഗവ്യാപന സാധ്യത കൂടുതലുള്ള ആളുകളാണ് രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ജനപ്രതിനിധികള്‍, വളണ്ടിയര്‍മാര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍, റേഷന്‍കടക്കാര്‍, ഓട്ടോറിക്ഷ, ടാക്‌സി, ബസ് ജീവനക്കാര്‍, പൊലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, പെട്രോള്‍പമ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. മൂന്നാമത്തെ വിഭാഗത്തില്‍ ഗര്‍ഭിണികള്‍, 60 വയസിന് മുകളിലുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവരും നാലാമത്തെ വിഭാഗത്തില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടും. അഞ്ചാമത്തെ വിഭാഗത്തില്‍ രോഗ ബാധിതരുമായി യാതൊരുതരത്തിലും ബന്ധപ്പെടാത്തവരും യാത്രകള്‍ നടത്തിയിട്ടില്ലാത്തവരും എന്നാല്‍ പോസിറ്റീവായ രോഗികളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരുമാണ്.
ഈ പ്രദേശങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി എടുക്കാനുള്ള സൗകര്യം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ (പൊന്നാനി ടി.ബി.ക്ലിനിക്ക്) പൂര്‍ത്തിയായി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story