Times Kerala

മികച്ച നടി: ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽ അട്ടിമറി നടന്നുവെന്ന് വെളിപ്പെടുത്തൽ

 

പാലക്കാട്: ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ ശേഖർ കപൂറിനെതിരേ പ്രാദേശിക ജൂറി അംഗം വിനോദ് മങ്കര. മികച്ച നടിക്കുള്ള പുരസ്കാരം പാർവതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്കാരം ടേക്ക്ഒഫിനും നൽകാനുള്ള ജൂറി തീരുമാനം അവസാനഘട്ടത്തിൽ അട്ടിമറിച്ചെന്നാണ് വിനോദ് മങ്കര പറയുന്നത്.

ടേക് ഒഫിലെ പാർവതിയുടെ അഭിനയം ജൂറി അംഗങ്ങളുടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അവസാനം വരെ പാര്‍വതി തന്നെയായിരിക്കും മികച്ച നടിയെന്ന് കരുതിയിരുന്നു. ശ്രീദേവിയുടെ പേര് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കടന്നു വന്നതെന്നറിയില്ല. ചിലപ്പോള്‍ ഗവണ്‍മെന്‍റിന് മരണാനന്തരം അവര്‍ക്ക് പുരസ്കാരം കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നിരിക്കാമെന്നും വിനോദ് മങ്കര. എന്നാൽ അവസാനനിമിഷം പാർവതി ഒഴിവായതെങ്ങനെയെന്നു വരുദിവസങ്ങളിൽ അറിയേണ്ട കാര്യമാണെന്നു അദ്ദേഹം പറഞ്ഞു.

തന്‍റെ ആദ്യ സിനിമയിലെ നായികയാണ് ശ്രീദേവിഎന്നും അവരുടെ മരണം ഉണ്ടാക്കിയ വൈകാരികമായ അടുപ്പം നല്ല നടിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഉണ്ടാവരുതെന്നും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പരസ്യമായി ജൂറി അംഗങ്ങളോട് പറഞ്ഞതുതന്നെ തെറ്റാണ്. അത് സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ പ്രഖ്യാപനത്തിന് ശേഷമാണ് അട്ടിമറിയുണ്ടായതെന്നതു മനസിലായതെന്നു വിനോദ് മങ്കര.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ടേക്ഒഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മികച്ച ചിത്രവും മികച്ച നടിയും ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ മലയാളത്തിന് അര്‍ഹതപ്പെട്ടതായിരുന്നു. റീജിയണല്‍ ജൂറിയില്‍ ഓരോ സിനിമയ്ക്കും വേണ്ടി പോരടിച്ചു തന്നെയാണ് കൂടുതല്‍ ചിത്രങ്ങളെ ദേശീയ തലത്തില്‍ എത്തിച്ചതെന്നും വിനോദ് മങ്കര പറഞ്ഞു.

Related Topics

Share this story