Times Kerala

തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ട്; നിയമ നടപടിയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

 
തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ട്; നിയമ നടപടിയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

ഇടുക്കി:  തൊടുപുഴ ടൗണില്‍ നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപമുണ്ടാകുന്ന വെള്ളളക്കെട്ട് ഒഴിവാക്കുന്നതിന് നിയമ നടപടികളുമായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി രംഗത്തിറങ്ങി. പുളിമൂട് പ്ലാസ വെല്‍ഫെയര്‍ അസോസിയേഷനും, സെന്റ് സെബാസ്റ്റ്യന്‍ പള്ളി വക കെട്ടിടത്തിലെ കച്ചവടക്കാരും ചേര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഇടപെടല്‍.

കെല്‍സ ജില്ലാ സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ് എം പിള്ള സ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് (റോഡ്‌സ്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാഫര്‍ഖാന്‍, എ.എക്‌സ്.ഇ., എ.ഇ., മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും ദിനേശ്.എം.പിള്ളയോടൊപ്പം ഉണ്ടായിരുന്നു. പരിശോധനയില്‍ പുളിമൂട്ടില്‍ പ്ലാസക്ക് പിന്നിലൂടെ വരുന്ന ഓട, മെയില്‍ റോഡുമായി ചേരുന്ന ഭാഗത്ത് വീതിയും ഉയരവും കുറവായതിനാല്‍ വെള്ളക്കെട്ടിന് കാരണമാകുന്നുവെന്ന് കണ്ടെത്തി. ഇതിന് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. മഴവെള്ളക്കെട്ട് ഒഴിവാക്കാന്‍, പുളിമൂട്ടില്‍ പ്ലാസയുടെ മുന്‍വശമുള്ള ഓടയുടെ സ്ലാബുകളില്‍ ചിലത് മാറ്റി നെറ്റ് ഇടാനും ധാരണയായി. പ്രദേശത്തെ ഓടയില്‍ പലയിടത്തും കയ്യേറ്റവും തടസ്സവും മലിനീകരണവും സംഘം കണ്ടെത്തി. ഇരുവശത്തെയും കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഈ ഭാഗത്ത് തള്ളുന്നതിനെതിരെ നടപടിയെടുക്കാന്‍ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഓടകളില്‍ പലയിടത്തെയും വെള്ളമൊഴുക്കിന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു. വരും ദിവസങ്ങളില്‍ റവന്യൂ, മുനിസിപ്പല്‍ വകുപ്പുകളുടെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തി കയ്യേറ്റവും മലിനീകരണവും ഒഴിവാക്കാന്‍ നടപടിയുണ്ടാകുമെന്ന് ദിനേശ്.എം.പിള്ള അറിയിച്ചു.

Related Topics

Share this story