Times Kerala

ആക്സിഡന്റ് പറ്റിയതും, വർഷങ്ങളോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയതും നന്നായി, വിധി ഇങ്ങനെ ആക്കിയില്ലായിരുന്നെങ്കിൽ ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെ കിട്ടില്ലായിരുന്നു; പ്രണവിന്റെ കുറിപ്പ് വൈറൽ

 
ആക്സിഡന്റ് പറ്റിയതും, വർഷങ്ങളോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയതും നന്നായി,  വിധി ഇങ്ങനെ ആക്കിയില്ലായിരുന്നെങ്കിൽ ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെ കിട്ടില്ലായിരുന്നു; പ്രണവിന്റെ കുറിപ്പ് വൈറൽ

ആറ് വർഷം മുൻപ് ബികോം വിദ്യാർത്ഥിയായിരിക്കെ ബൈക്ക് അപകടത്തെ തുടർന്ന് വീൽചെയറിലായ പ്രണവിന് കൂട്ടായി കഴിഞ്ഞ വർഷമാണ് ഷഹാന എത്തിയത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപകടത്തെക്കുറിച്ചും, അതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പ്രണവ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിധി തന്ന സൗഭാഗ്യങ്ങൾ

ഇന്ന് ജൂൺ 29. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം, 6 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇതേ സമയത്തായിരുന്നു ( 6 മണി ) അത് സംഭവിച്ചത്. കൂട്ടുകാരനും ഞാനുമൊത്ത് ബൈക്കിൽ പോകുന്ന സമയത്തു ബൈക്ക് സ്കിഡ് ആയി വണ്ടിയുടെ ബാലൻസ് പോവുകയും ഒരു മതിലിൽ ഇടിക്കുകയും ചെയ്തു. പുറകിലിരുന്ന ഞാൻ തെറിച്ചു പോയി അടുത്തുള്ള ഒരു തെങ്ങിലിടിച്ചു നിലത്ത് വീഴുകയും ചെയ്തു. ഓടിയെത്തിയ കൂട്ടുകാർ ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചു. അങ്ങനെ ഞാൻ ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നു. അതിന് ശേഷം ഓപ്പറേഷനും ചെയ്തു. സ്പൈനൽ കോഡ് ഇഞ്ചുറി ആണെന്നും ശരീരം നെഞ്ചിന് താഴോട്ട് തളർന്നെന്നും Dr വീട്ടുകാരോട് പറഞ്ഞു. എനിക്ക് ബോധം വന്നപ്പോൾ അവർ എന്നോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു. ജീവിതം 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടേണ്ട ഇനിയുള്ള ദിവസങ്ങൾ ആലോചിച്ചപ്പോൾ എനിക്ക് ഉണ്ടായ വിഷമം ചെറുതല്ല.പക്ഷേ ആശുപത്രിയിൽ ആയിരുന്നെങ്കിലും ഒരു ലോഡ് കൂട്ടുകാർ എന്നും ഉണ്ടാവുമായിരുന്നു. അവരെ കാണുമ്പോൾ ഒരു സമാധാനം ആണ്. ഇന്ന് ഈ 6 വർഷങ്ങൾക്കുള്ളിൽ പലതും കടന്നു പോയി. അതിൽ വരുന്ന ട്വിസ്റ്റിൽ ഒന്നാണ് 6 വർഷത്തോളം ജീവനോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയത്. വിധി എന്നെ ചുറ്റും നിന്ന് ആക്രമിച്ചപ്പോൾ എന്റെ മനസിനെ തളർത്താതിരുന്നത് ചങ്ക് പോലെ സ്നേഹിക്കുന്ന കുറേ കൂട്ടുകാർ ഉള്ളത് കൊണ്ട് മാത്രമായിരുന്നു. അവരാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഉത്സവങ്ങൾക്കും, പെരുന്നാളുകൾക്കും, മുതലായ എല്ലാ ആഘോഷങ്ങൾക്കും എന്നെ കൊണ്ട് പോകും. അതുകൊണ്ട് തന്നെ വിഷമിച്ചിരിക്കേണ്ട സാഹചര്യങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കൂടാതെ ആക്സിഡന്റിന് ശേഷം കുറെ നല്ല സുഹൃത്തുക്കളെ എനിക്ക് കിട്ടി.സോഷ്യൽ മീഡിയകൾ വഴി എല്ലാവരും എന്നെ അറിയാൻ തുടങ്ങി. മരിച്ചു കഴിയുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതിനുള്ള അടയാളം ഇന്ന് എനിക്ക് ഈ ഭൂമിയിൽ ഉണ്ടാക്കാൻ സാധിച്ചു എന്നത് വിധി എനിക്ക് സമ്മാനിച്ച സൗഭാഗ്യത്തിൽ ഒന്നാണ്. ഇത്രയും നാൾ കൂടെ ഒരു സുഹൃത്തായിട്ടല്ല, ഒരു ജേഷ്ട്ടനെപോലെ എന്റെ എല്ലാ കാര്യങ്ങളും നോക്കി കൂടെ ഉണ്ടായിരുന്നത് വിനു ചേട്ടൻ ആണ്. അതുപോലെ തന്നെ എന്ത് അത്യാവശ്യങ്ങൾക്കും വിളിച്ചാൽ ഓടിയെത്തുന്ന ചങ്കുകളും. ഇതുപോലെ എന്നെ സ്നേഹിക്കുന്ന കുറെ സുഹൃത്തുക്കളെ കിട്ടിയത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു…..

നമ്മുക്ക് ഒരു തേപ്പ് കിട്ടിയാൽ അവളെക്കാളും നല്ലൊരു മാലാഖകുട്ടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പറയുന്നത് ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഒരു മാലാഖ കുട്ടിയെ എനിക്കും കിട്ടി. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഷഹാന കുട്ടി. എന്റെ എല്ലാ കാര്യങ്ങളും ഇപ്പോൾ അവളാണ് നോക്കുന്നത്. എന്നെ ഒരു കുഞ്ഞാവയെപോലെ കൊണ്ട് നടക്കുന്നു. അത് കൊണ്ട് തന്നെ ഞാൻ അവളോട് പറയും “എനിക്ക് ആക്സിഡന്റ് പറ്റിയതും, ഓള് എന്നെ തെച്ചിട്ടു പോയതും നന്നായി, കാരണം അതുകൊണ്ടാണല്ലോ എനിക്ക് നിന്നെ കിട്ടിയത് എന്ന് “. സത്യം… വിധി എന്നെ ഇങ്ങനെ ആക്കിയില്ലായിരുന്നെങ്കിൽ എനിക്ക് ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെ കിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ജീവിതം ഇങ്ങനെ ആയതിൽ ഒരു പരിഭവവും ഇല്ല, സന്തോഷം മാത്രം. എന്നെ സപ്പോർട്ട് ചെയ്യുന്ന എന്നെ സ്നേഹിക്കുന്ന ഞാൻ അറിയാത്ത എന്നെ അറിയുന്ന എല്ലാവർക്കും ഒരുപാട് നന്ദിയോടെ…

പ്രണവ് ഷഹാന

Related Topics

Share this story