Times Kerala

ആറ് മാസം പ്രായമായ കുഞ്ഞിനെ പിതാവ് മേല്‍ക്കൂരയില്‍ നിന്ന് താഴേക്കെറിഞ്ഞു;അതി സാഹസികമായി കുഞ്ഞിനെ പോലീസ് രക്ഷപെടുത്തി 

 

പ്രിട്ടോറിയ: ആറ് മാസം പ്രായമായ കുഞ്ഞിനെ 38കാരന്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം.പൊലീസിന്റെ തക്കതായ ഇടപെടലിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. സിനിമയെ പോലും വെല്ലുന്ന രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്. കുട്ടിയെ എറിയാന്‍ നിന്ന യുവാവിനെ അനുനയിപ്പിക്കാന്‍ പൊലീസ് പല ശ്രമങ്ങളും നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

അര ഡസനോളം പൊലീസുകാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇയാളുടെ അടുത്തെത്തി കുഞ്ഞിനെ പിടിച്ചു വാങ്ങാനും യുവാവ് എറിയുകയാണെങ്കില്‍ പിടിക്കാനുമായി പൊലീസുകാര്‍ നിലയുറപ്പിച്ചിരുന്നു. കുഞ്ഞിന്റെ കാല് പിടിച്ച് തല കീഴ്‌പ്പോട്ടാക്കി ഇയാള്‍ കുറച്ചുനേരം നിന്നു.അടുത്തുവന്നാല്‍ കുട്ടിയെ താഴേക്കിടും എന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇയാള്‍ക്ക് അടുത്തായി തൊട്ടുതൊട്ടില്ല എന്ന നിലയില്‍ പൊലീസ് എത്തിയപ്പോഴേക്കും കുഞ്ഞിനെ യുവാവ് എറിഞ്ഞു. താഴെ നിലയുറപ്പിച്ചിരുന്ന പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി. സിങ്ക് റൂഫിനുമുകളില്‍ നിന്നാണ് ഇയാള്‍ അഭ്യാസം നടത്തിയത്.

35 വയസുകാരിയായ മാതാവ് കുട്ടിയെ നേരത്തെ തന്നെ ഇയാള്‍ക്ക് നല്‍കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഇയാള്‍ എന്തിനാണ് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല.ഇയാളും കുഞ്ഞിനോടൊപ്പം മരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

Related Topics

Share this story