Times Kerala

പതിമൂന്നുകാരിയ്ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച ഇന്ത്യാക്കാരനായ യുവാവ് ദുബായില്‍ തടവില്‍

 

ദുബായ് :പതിമൂന്നുകാരിയായ പെണ്‍കുട്ടിയ്ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ മൂന്നു മാസം തടവുശിക്ഷ. ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇമെയില്‍ അക്കൗണ്ടിലേയ്ക്കാണ് 27 കാരന്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചത്. കുടുംബ സുഹൃത്തുകൂടിയായ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുക പതിവായിരുന്നുവെന്നും പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രുവരിയില്‍ ദുബായ് ഫസ്റ്റ് ഇന്‍സറ്റന്‍സ് കോടതി പ്രതിയ്ക്ക് മൂന്നുമാസം ശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചുവെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

മകളുടെ ഇ മെയിലിലേയ്ക്ക് വന്ന ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയാണ് കണ്ടത്. ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തി ചെയ്ത ഈ പ്രവര്‍ത്തി അമ്മയെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ഇയാള്‍ തന്നോട് മോശമായി പെരുമാറിയതായി കുട്ടി പറഞ്ഞത്. അശ്ലീല ദൃശ്യങ്ങള്‍ അയച്ചതിലൂടെ കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

സംഭവം വീട്ടില്‍ പറഞ്ഞാല്‍ അമ്മ അടിക്കുമെന്നും ഇന്ത്യയിലേയ്ക്ക് തിരികെ വിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.

Related Topics

Share this story