Times Kerala

അറബ് ലീഗിന് ഞായറാഴ്ച ദമാമില്‍ തുടക്കം

 

ദമാം : 29 ാമത് അറബ് ലീഗ് സമ്മേളനത്തിന് ഞായറാഴ്ച ദമാമില്‍ തുടക്കമാകും. അറബ് രാജ്യത്തലവന്‍മാരും മറ്റ് ഭരണകര്‍ത്താക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇറാനും തുര്‍ക്കിക്കുമെതിരായ നീക്കങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം.ഇരുരാജ്യങ്ങളും അറബ് മേഖലയില്‍ സമാധാനപാലനത്തിന് വിഘാതമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് മറ്റ് മുസ്ലിം രാജ്യങ്ങളുടെ വിലയിരുത്തല്‍. യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദിക്ക് നേരെ ആക്രമണം നടത്തിവരികയാണ്.

കൂടാതെ തുര്‍ക്കി സിറിയയിലും ഇറാഖിലും കടന്നുകയറുകയുമാണ്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമെതിരെ സമ്മേളനം കര്‍ശന നിലപാട് കൈക്കൊള്ളും.പലസ്തീന്‍ വിഷയം, സിറിയയിലെ യുദ്ധം, ലിബിയ, യെമന്‍ എന്നിവിടങ്ങളിലെ പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങളും പ്രധാന ചര്‍ച്ചയാകും. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സമ്മേളനത്തിന്റെ പ്രഥമ ലക്ഷ്യം.

രാഷ്ട്രങ്ങള്‍ വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് സമ്മേളനം സമാഗതമായിരിക്കുന്നതെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി മെഹ്മൂദ് അഫീഫി പറഞ്ഞു. സമ്മേളനത്തിലേക്ക് ഖത്തറിനെയും ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ അറബ് ലീഗ് സമ്മേളനമാണെന്ന പ്രത്യേകതയുമുണ്ട്.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് 10 മാസം മുന്‍പാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്.

Related Topics

Share this story